തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ തെളിവെടുപ്പിനു ശേഷം വിയ്യൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ശുചിമുറിയിൽ പോകണമെന്നു പറഞ്ഞപ്പോൾ പുറത്തിറക്കിയപ്പോഴാണ് കടന്നു കളഞ്ഞത്.
പുറത്തിറങ്ങിയതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന 3 പൊലീസുകാരെ തള്ളിമാറ്റി ഇയാൾ ഓടുകയായിരുന്നു. ജയിൽ മതിലിനോടു ചേർന്നു പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ബാലമുരുകൻ ഓടിയത്. തൃശൂർ നഗരത്തിൽ ഇയാൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ വർഷവും വിയ്യൂർ ജയലിനു മുന്നിൽ നിന്നു ഇയാൾ രക്ഷപ്പെട്ടിരുന്നു.
കേരളത്തിലേയും തമിഴ്നാട്ടിലേയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരത്തേയും ജയിൽ ചാടിയിട്ടുണ്ട്.
33 വയസിനിടെ അഞ്ചോളം കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ. വേഷം മാറുന്നതിൽ വിദഗ്ധനാണെന്നു പൊലീസ് പറയുന്നു. ഒരു സ്ഥലത്തു ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്ത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും എത്തുക.
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ കടയം രാമനദി ഗ്രാമത്തിലാണ് ഇയാൾ ജനിച്ചത്. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. ഇയാൾക്കായി തമിഴ്നാട് പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നു കേരളത്തിലേക്ക് കടന്നു. മറയൂരിൽ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസും ഇയാളുടെ പേരിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates