കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് കെകെ രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് പി ജയരാജന്‍. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സിപിഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുര്‍ബലപ്പെടുത്തുക എന്നതാണ്. സഖാവ് രാഗേഷ് ഈ പാര്‍ട്ടിയുടെ പ്രതിനിധിയാണ്; പ്രതീകമാണ്. രാഗേഷിനെതിരെ നടക്കുന്ന ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും തുറന്നുകാട്ടാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണമെന്ന് പി ജയരാജന്‍ പറഞ്ഞു.
'സിപിഎമ്മിന്റെ പ്രവര്‍ത്തനം വ്യക്തികേന്ദ്രീകൃതമല്ല; കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രവര്‍ത്തനത്തിലെ പോരായ്മകളും വിമര്‍ശനങ്ങളും വിലയിരുത്തലുകളും പാര്‍ട്ടിക്കകത്ത് ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് തിരുത്തുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും ഒരു വ്യക്തിയുടേതല്ല, കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമര്‍പ്പണത്തിന്റെയും ഫലമാണ്. അതിനാല്‍ ഒരാളെ മാത്രം നിരന്തരം ലക്ഷ്യമിട്ട് നടത്തുന്ന വ്യക്തിഹത്യാ പ്രചാരണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം പാര്‍ട്ടിയെ ആക്രമിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണെന്ന് തിരിച്ചറിയണം'- ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പി ജയരാജന്റെ കുറിപ്പ്
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് കെ. കെ. രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ്. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സിപിഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുര്‍ബലപ്പെടുത്തുക എന്നതാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും വിമര്‍ശനത്തിന് അതീതരല്ല. എന്നാല്‍ വിമര്‍ശനവും കെട്ടിച്ചമച്ച നുണപ്രചാരണവും രണ്ടാണ്. കേരളത്തിലെ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഇടതുപക്ഷത്തിനെതിരെയും പ്രത്യേകിച്ച് സിപിഎമ്മിനെതിരെയും സംഘടിതമായ അപവാദ പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്നത്. കോര്‍പ്പറേറ്റ് ധനമൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെയും ബിജെപിയെയും വെള്ളപൂശുകയും അതേസമയം ഇടതുപക്ഷത്തെ തുടര്‍ച്ചയായി താറടിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ അജണ്ട ഇത് ആദ്യമായി അല്ല കേരളത്തില്‍ ദൃശ്യമാകുന്നത്.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് സഖാവ് കെ. കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസകാലത്ത് ഒരു പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തു കൊണ്ട് ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്ന നേതാവാണ്. പാര്‍ട്ടി അംഗം, ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും വിജയകരമായി നിര്‍വഹിച്ച ശേഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്.
സിപിഎമ്മിന്റെ പ്രവര്‍ത്തനം വ്യക്തികേന്ദ്രീകൃതമല്ല; കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രവര്‍ത്തനത്തിലെ പോരായ്മകളും വിമര്‍ശനങ്ങളും വിലയിരുത്തലുകളും പാര്‍ട്ടിക്കകത്ത് ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് തിരുത്തുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും ഒരു വ്യക്തിയുടേതല്ല, കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമര്‍പ്പണത്തിന്റെയും ഫലമാണ്. അതിനാല്‍ ഒരാളെ മാത്രം നിരന്തരം ലക്ഷ്യമിട്ട് നടത്തുന്ന വ്യക്തിഹത്യാ പ്രചാരണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം പാര്‍ട്ടിയെ ആക്രമിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണെന്ന് തിരിച്ചറിയണം.
ഈ സംഘടിത നുണപ്രചാരണങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് മുന്നോട്ടുവരേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണ്.
സഖാവ് രാഗേഷ് ഈ പാര്‍ട്ടിയുടെ പ്രതിനിധിയാണ്; പ്രതീകമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സഖാവിനെതിരെ നടക്കുന്ന ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും തുറന്നുകാട്ടാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ സഖാക്കളും സുഹൃത്തുക്കളും തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates