തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം പര്‍വതികരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സജി ചെറിയാന്‍ പ്രസ്താവന സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ പാര്‍ട്ടി പരിശോധിക്കും. സജി ചെറിയാന്റെ പരാമര്‍ശം മൂലം ബിഷപ്പുമാര്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും വല്ല രീതിയിലുള്ള പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍, ആ പ്രയാസപ്പെടുത്തുന്ന പദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മണിപ്പൂരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം എതിരെ വന്‍ കടന്നാക്രമണമാണ് ഉണ്ടായത്. അതിന്റെ വീഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്തേ ഇത്ര കഠിനമായ കടന്നാക്രമണം നടന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി പോയില്ല എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. അവിടെ എന്തുകൊണ്ട് ആശ്വസിപ്പിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്. അതിലൊന്നും സിപിഎം അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ ഇങ്ങനെയൊരു ഭൗതിക സാഹചര്യത്തില്‍ പോകണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇസ്രയേല്‍ കടന്നാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ക്രിസ്മസ് വലിയ തോതില്‍ ആഘോഷിക്കേണ്ടതില്ലെന്നാണ് മാര്‍പാപ്പ തീരുമാനിച്ചത്.
പോപ്പ് അങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍, ഇന്ത്യയില്‍ വലിയൊരു വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത ശക്തികളുമായി എങ്ങനെ ബന്ധപ്പെടണം എന്നതില്‍ രാജ്യത്തെ ക്രൈസ്തവ സഭകളുടെ ചിന്തക്ക് വിടുകയാണ്. അതല്ലാതെ സിപിഎമ്മിന് ഒന്നും പറയാനില്ല. ഒരു മതത്തിനും വിശ്വാസത്തിനും സിപിഎം എതിരല്ല. പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറയുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
മാര്‍പാപ്പ മഹാനായിട്ടുള്ള, ഒരു മതസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് സവിശേഷതകള്‍, മറ്റു ബിഷപ്പുമാരില്‍ നിന്നും വ്യത്യസ്തമായി ലോകം മുഴുവന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ഞങ്ങള്‍ക്ക് തര്‍ക്കത്തിന്റെ പ്രശ്‌നമില്ല. ഇതുവരെ ഇന്ത്യയിലേക്ക് വരാതിരിക്കാന്‍ ശ്രമിച്ചവര്‍ തര്‍ക്കം ഇപ്പോള്‍ അവസാനിപ്പിച്ചത് നല്ലതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അയോധ്യ: കേരളത്തിലെ കോൺഗ്രസിന് ഒരു പങ്കുമില്ല
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആകില്ല. അതാണ് കേരളത്തിന്റെ അവസ്ഥ.
കേരളത്തിന് പുറത്തു കടന്നാല്‍ ഇവരെല്ലാം മൃദു ഹിന്ദുത്വത്തിന്റെ ഒപ്പമാണ്. തീവ്രഹിന്ദുത്വത്തിന് ഒപ്പമാണ്, മൃദു ഹിന്ദുത്വ നിലപാടു സ്വീകരിച്ചുകൊണ്ട് കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തതെന്ന് നമുക്കെല്ലാം അറിയാം. ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി മാത്രമാണുള്ളത്. അദ്ദേഹം വിളിച്ചില്ലെങ്കിലും അയോധ്യയില്‍ പോകുമെന്നാണ് പറഞ്ഞിട്ടുള്ളത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിനുള്ളില്‍ മാത്രമേ മതനിരപേക്ഷയൊക്കെ ഉള്ളൂ. അതിനപ്പുറം കടന്നാല്‍ ഒന്നുമില്ല. അവിടെയുള്ള കോണ്‍ഗ്രസുകാര്‍ ഒരേ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. കേരളത്തില്‍ മതനിരപേക്ഷ ശക്തികള്‍ക്ക് സ്വാധീനമുണ്ട്. അതിനു മുകളില്‍ കയറി നിന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് അവസരവാദപരമായ നിലപാടു സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates