ന്യൂഡൽഹി: കേരള പൊലീസിനെതിരായ വിമർശനത്തിൽ ആനി രാജയെ പിന്തുണച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കേരളത്തിലായാലും യുപിയിലായാലും പൊലീസിലെ വീഴ്ചകൾ വിമർശിക്കപ്പെടും. അതാണ് പാർട്ടി നിലപാടെന്ന് രാജ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പൊലീസ് മുന്നോട്ടുപോകണം. ഇരകൾക്ക് എതിരാണ് പൊലീസ് എന്ന തോന്നൽ ഉണ്ടാക്കരുതെന്നും ഡി രാജ പറഞ്ഞു.
ദേശീയ നിർവാഹക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് ഡി രാജ നിലപാട് വ്യക്തമാക്കിയത്. പാർടി കോൺഗ്രസിന് വിജയവാഡ വേദിയാകും. യുപി നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാകും പാർടി കോൺഗ്രസ് നടത്തുക. തിയതി സംബന്ധിച്ച തീരുമാനങ്ങൾ ഒക്ടോബറിലെ ദേശീയ കൗൺസിൽ തീരുമാനിക്കുമെന്നും രാജ അറിയിച്ചു. കർഷക സംഘടനകൾ പ്രഖ്യാപിച്ച സെപ്റ്റംബർ 27ലെ ഭാരത് ബന്ദിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചു.
നേരത്തേ കേരള പൊലീസിനെതിരെ ആനി രാജ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നു. പൊലീസിൽ ആർ എസ് എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.
ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത്? സ്ത്രീകൾക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എൽ ഡി എഫ് കൺവീനർക്കും കത്ത് നൽകും. പൊലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആനി രാജയുടെ വിമർശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഐക്കു പരാതിയില്ല. പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമില്ല. ഇക്കാര്യങ്ങള്‍ ആനി രാജയെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ആനി രാജ ഉന്നയിച്ചപോലുള്ള വിമര്‍ശനം ഇല്ലെന്നും കാനം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates