കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഡെലിവറി ഹബ്ബുകളില്‍ നിന്ന് 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കാണാതായതായി പരാതി. ഫ്‌ളിപ്കാര്‍ട്ടിന്റെ എന്‍ഫോഴ്‌സമെന്റ് ഓഫീസര്‍ ആണ് പരാതി നല്‍കിയത്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്‌ളിപ്കാര്‍ട്ടിന്റെ കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി കെ അലിയാര്‍, ജാസിം ദിലീപ്, ഹാരിസ് പി എ, മാഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ പ്രകാരം 2025 ഓഗസ്റ്റ് 8നും ഒക്ടോബര്‍ 10നും ഇടയില്‍ വ്യാജ വിലാസങ്ങളും വ്യത്യസ്ത മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് പ്രതികള്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമില്‍ നിന്ന് 332 മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തു. 1.61 കോടി രൂപ വിലമതിക്കുന്ന ഫോണുകളില്‍ ആപ്പിള്‍ (ഐഫോണ്‍), സാംസങ് ഗാലക്‌സി, വിവോ, ഐക്യുഒ എന്നിവയുടെ മോഡലുകള്‍ ഉള്‍പ്പെടുന്നു. കാഞ്ഞൂര്‍ ഹബ്ബില്‍ നിന്ന് 18.14 ലക്ഷം രൂപ വിലമതിക്കുന്ന 38 ഫോണുകളും കുറുപ്പംപടി ഹബ്ബില്‍ നിന്ന് 40.97 ലക്ഷം വിലമതിക്കുന്ന 87 ഫോണുകളും മേക്കാട് ഹബ്ബില്‍ നിന്ന് 48.66 ലക്ഷം വിലമതിക്കുന്ന 101 ഫോണുകളും മൂവാറ്റുപുഴ ഹബ്ബില്‍ നിന്ന് 53.41 ലക്ഷം രൂപ വിലമതിക്കുന്ന 106 ഫോണുകളും ഓര്‍ഡര്‍ ചെയ്തു.
ഈ ഫോണുകളെല്ലാം അതത് ഡെലിവറി സെന്ററുകളില്‍ എത്തിയശേഷമാണ് കാണാതായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വിവരസാങ്കേതിക നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates