കാസർകോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഇർഷാദിനെതിരെ നടപടിയുമായി യൂത്ത് ലീഗ്. യൂത്ത് ലീഗ് കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പ്രവർത്തകന്റെത് രഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് വ്യക്തമകാകിയിരുന്നു. മുസ്‌ലിം ലീഗ് - ഡിവൈഎഫ്ഐ സംഘർഷങ്ങളുടെ തുടർച്ചയായിട്ടാണ് കൊലപാതകം ഉണ്ടായത്. മുഖ്യപ്രതിയായ ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസ് അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും.
കല്ലൂരാവി സ്വദേശി ഔഫ് എന്ന അബ്ദുൽ റഹ്‌മാന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയ്ക്ക് വഴിയിൽ തടഞ്ഞുനിർത്തി ഔഫിനെ ഇർഷാദ് കുത്തിവീഴ്ത്തി. കൂടെയുണ്ടായിരുന്ന കല്ലൂരാവി സ്വദേശിയും യൂത്തു ലീഗ് പ്രവർത്തകനുമായ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസ്സൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഹൃദയധമനിയിൽ ആഴത്തിലേറ്റ മുറിവാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെ കുത്തി എന്നാണ് പൊലീസ് നിഗമനം. അതിനിടെ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും. സംഘർഷത്തിൽ പരുക്കേറ്റ ഇർഷാദിനെ പരിയാരത്തേക്ക് മാറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates