ന്യൂഡല്‍ഹി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഇക്കുറി വിജയം കണ്ടതെന്ന് നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് മേയര്‍ വി വി രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയും യുഡിഎഫും കാലങ്ങളായി നടത്തിയിരുന്ന ഫിക്‌സ്ഡ് മാച്ച് അവസാനിപ്പിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷനിലേക്ക് വിജയിച്ച എല്ലാ ബിജെപി കൗണ്‍സിലര്‍മാരെയും അഭിനന്ദിക്കുന്നു. വികസിത തിരുവനന്തപുരം എന്ന ബിജെപിയുടെ കാഴ്ചപ്പാടിന് വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരമാണ് ഈ നേട്ടമെന്നും മോദി കത്തില്‍ പറയുന്നു.
തിരുവനന്തപുരം സന്ദര്‍ശിച്ചതിന്റെ മനോഹരമായ ഓര്‍മ്മകള്‍ ഇപ്പോഴും എന്നിലുണ്ട്. ശ്രീ പത്മനാഭസ്വാമിയാല്‍ അനുഗ്രഹിക്കപ്പെട്ട നഗരമാണിത്. കേരളത്തിന്റെ തലസ്ഥാന നഗരമാണ്. ചിന്തകന്മാരായ നേതാക്കള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്യാസിമാര്‍ തുടങ്ങിയവരെ വളര്‍ത്തിയെടുത്ത നഗരമാണ്. ഈ നഗരം ബിജെപിയെ അനുഗ്രഹിക്കുമ്പോള്‍, അത് വളരെ വിനീതമാണ്. ഈ പിന്തുണയ്ക്ക് നഗരത്തിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി അഭിനന്ദനസന്ദേശം പുതുവത്സരസമ്മാനം ആണെന്ന് കത്ത് പങ്കുവെച്ചുകൊണ്ട് മേയര്‍ വി വി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോദിജിയുടെ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്. കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്‌നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. വി വി രാജേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates