ആലപ്പുഴ: പുന്നപ്ര - വയലാര്‍ സമരത്തെ അടിസ്ഥാനമാക്കി 'ചിന്ത' വാരിക പ്രസിദ്ധീകരിച്ച ലക്കത്തിലെ ഉള്ളടക്കത്തെക്കുറിച്ചും അതിന്റെ പത്രാധിപര്‍ ഡോ. ടി.എം. തോമസ് ഐസക്കിനെക്കുറിച്ചും സിപിഐ നടത്തിയ പ്രതികരണം ആത്മപ്രശംസയാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. 'ചിന്ത' വാരികയ്ക്ക് പുന്നപ്ര - വയലാര്‍ സമരത്തെക്കുറിച്ച് പ്രത്യേക പതിപ്പ് ഇറക്കുന്നതിനോ ഡോ. ടി.എം. തോമസ് ഐസക്കിന് അതിന് നേതൃത്വം നല്‍കുന്നതിനോ സിപിഐയുടെ അനുവാദം തേടേണ്ട കാര്യമില്ലെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
പുന്നപ്ര - വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍, ചേര്‍ത്തല കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍, അമ്പലപ്പുഴ താലൂക്ക് മത്സ്യതൊഴിലാളി യൂണിയന്‍ ഉള്‍പ്പെടെയുള്ള നിരവധി ട്രേഡ് യൂണിയനുകള്‍ സമരമുഖത്ത് ധീരമായി അണിനിരന്നവരാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെയെല്ലാം നേതൃനിരയില്‍ അന്നത്തെ പാര്‍ട്ടിയുടെ നേതാക്കളാണ് ഉണ്ടായിരുന്നത്. ഇന്നത്തെ സിപിഐ ആണ് എല്ലാത്തിന്റെയും അവകാശികള്‍ എന്ന വാദം ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് വ്യക്തമാക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.
സിപിഎമ്മും സിപിഐയും ഇടതുപക്ഷ നിരയിലെ പ്രമുഖ പ്രസ്ഥാനങ്ങളാണെന്നും വിമര്‍ശനങ്ങളും സംവാദങ്ങളും ആകാം എങ്കിലും അതിന് സംയമനത്തോടെയുള്ള നിലപാടാണ് വേണ്ടതെന്നും പാര്‍ട്ടി ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കാനുള്ള ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഇത്തരം നീക്കങ്ങള്‍ ശത്രുക്കള്‍ക്ക് ആഘോഷിക്കാന്‍ മാത്രമാണ് അവസരമൊരുക്കുന്നതെന്നും സിപിഎം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates