മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കും. രാഹുലിന്റെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേറ്റ് പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കും. മെയ് പകുതിക്കകം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഒന്നര വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. പഞ്ചായത്ത് തലത്തില്‍ വരെ കമ്മിറ്റി രൂപീകരിച്ച് നന്നായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വാഭാവികമായി ലഭിക്കേണ്ട ഒരു പിന്തുണയും ലഭിച്ചില്ല. അന്ന് കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ ഒരു പ്രയാസവും ഇല്ല എന്നായിരുന്നു അന്നത്തെ ദേശീയ നേതൃത്വത്തിന്റെ നിലപാട്. കാര്യങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ ഇതില്‍ നിന്ന് പിന്മാറി. കോണ്‍ഗ്രസുമായി ഐക്യപ്പെട്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തെയും പിന്തുണയ്ക്കാന്‍ ബംഗാളില്‍ അവര്‍ക്ക് പ്രയാസമുണ്ട് എന്ന് നേതൃത്വം അറിയിച്ചു. ബേപ്പൂരില്‍ നടന്ന മത്സരത്തില്‍ ദേശീയ തലത്തില്‍ നിന്ന് ഒരു നേതാവിനെ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു. ബംഗാളില്‍ അത് രാഷ്ട്രീയപരമായി ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഈ നിലപാടുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് മനസിലാക്കിയാണ് തൃണമൂലുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് ദേശീയ നേതൃത്വുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാന്‍ തീരുമാനിച്ചു. കേരളത്തിന് പ്രത്യേക പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് രൂപീകരിക്കുക. മെയ് പകുതിക്കകം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം പാസാക്കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates