തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ കൂടുതൽ ശക്തമാകുന്നു. രാജി ആസന്നമായി മാറിയെന്നാണ് വിവരം. സമ്മര്‍ദ്ദം ശക്തമായതോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേതാക്കളുമായി തിരക്കിട്ട കൂടിയാലോചനകള്‍ നടത്തിവരികയാണ്. രാജിക്കാര്യത്തില്‍ ഇന്നു വൈകീട്ടോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായേക്കും. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുസ്ലിം ലീഗിനും കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിപക്ഷ നേതാവ് വിഡി സതീശനു പിന്നാലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ജോസഫ് വാഴയ്ക്കനും രാഹുലിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഴുപ്പ് കോണ്‍ഗ്രസ് ചുമക്കേണ്ടതില്ലെന്നാണ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടത്.. കോണ്‍ഗ്രസിലെ വനിതാ നേതാക്കളായ ഉമ തോമസ് എംഎൽഎ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരും രാജിക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം രാഹുലിനെ പൂര്‍ണമായും തള്ളിപ്പറയാറായിട്ടില്ലെന്നാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ പ്രതികരിച്ചത്.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെയ്ക്കുന്നതാണ് ഉചിതമെന്ന് മുതിര്‍ന്ന നേതാക്കളെല്ലാം ഏകാഭിപ്രായത്തിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം രാഹുല്‍ രാജി വെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നതാണ് കോണ്‍ഗ്രസ് നടപടിക്ക് അറച്ചു നില്‍ക്കുന്നത്. എ ക്ലാസ് മണ്ഡലമായി കരുതുന്ന പാലക്കാട് ബിജെപി നേട്ടമുണ്ടാക്കുമോ എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയപരിധിയുള്ളൂ. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്.
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ഒഴിവുവന്നാൽ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെങ്കിലും നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടാവണമെന്ന നിബന്ധനയുമുണ്ട്. ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് മേയ് 23നാണ്. അതിനാൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം. നിലവിൽ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഇല്ലെന്നാണ് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരിയും അഭിപ്രായപ്പെട്ടത്. അതേസമയം പാലക്കാട് തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമോയെന്നാണ് കോൺഗ്രസ് ആശങ്കപ്പെടുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കാനുള്ള ഒരു നീക്കവും കോണ്‍ഗ്രസിൽ ശക്തമല്ല. രാജിക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന് എന്തു തീരുമാനവും എടുക്കാമെന്ന നിലപാടാണ് സംസ്ഥാന നേതാക്കള്‍ കൈക്കൊണ്ടത്. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ കരുതൽ പാലിക്കണമായിരുന്നുവെന്ന് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും വ്യക്തമാക്കി. ഷാഫി പറമ്പിൽ മാത്രമാണ് നിലവിൽ രാഹുലിനെ അൽപ്പമെങ്കിലും പ്രതിരോധിച്ച് രംഗത്തു വന്നിട്ടുള്ളത്. നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ, തിരക്കിട്ട് രാജി വെക്കേണ്ട ആവശ്യമില്ലെന്നാണ് രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates