ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍, ഇ ശ്രീധരന്റെ ഹൈസ്പീഡ് റെയില്‍വേ പദ്ധതി, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നിവ ഉപേക്ഷിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ റെയില്‍വേ വികസനത്തിനു മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ട്. മൂന്ന്, നാല് പാതയുടെ വികസനത്തിന് മാത്രമാണ് നിലവില്‍ മുന്‍ഗണനയെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്.
തിരുവനന്തപുരം- കണ്ണൂര്‍ ഹൈസ്പീഡ് പദ്ധതി നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണ് സംസ്ഥാനം അറിയിച്ചിട്ടുള്ളത്. സില്‍വര്‍ ലൈനും ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ച സ്ഥിതിക്ക് കേന്ദ്രസര്‍ക്കാര്‍ അക്കാര്യവുമായി മുന്നോട്ടുപോകുന്നില്ല. കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതിയും ഉപേക്ഷിച്ചു. റെയില്‍വേയ്ക്കു നിലവില്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും രാജ്യത്തെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ കോച്ച് ഫാക്ടറികള്‍ നിലവിലുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തില്‍ വടക്ക് മുതല്‍ തെക്ക് വരെയുള്ള റെയില്‍ ശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടന്നുവരുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണ് പ്രധാന വെല്ലുവിളി. വിവിധ പദ്ധതികള്‍ക്കായി 618 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 78 ഹെക്ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്. 1976 കോടി സംസ്ഥാന സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. മംഗളൂരു-കാസര്‍കോട് -ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ -എറണാകുളം, -തിരുവനന്തപുരം, കായംകുളം-ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ എന്നീ പാതകളില്‍ പുതിയ മൂന്നും നാലും വരികള്‍ നിര്‍മിക്കുന്നതിനുള്ള ഫീല്‍ഡ് ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായി. കോട്ടയം വഴിയുള്ള എറണാകുളം കായംകുളം മൂന്നാം വരിയുടെ ട്രാഫിക്് സര്‍വേയും പൂര്‍ത്തിയായെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തിന്റെ അതിവേഗ റെയിൽവേ ആഗ്രഹങ്ങൾക്കുമേൽ എന്തെങ്കിലും പദ്ധതിയുണ്ടാകുമോ എന്നതായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രധാന ചോദ്യം. റെയിൽവേ പ്രഖ്യാപിച്ച ഏഴ് ഹൈ സ്പീഡ് പദ്ധതികളുടെ എക്സ്റ്റൻഷൻ കേരളത്തിലേക്ക് ഉണ്ടാകുമോ? സെമി ഹൈസ്പീഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതിയുണ്ടോ? ഇ ശ്രീധരന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗതിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു ജോൺ ബ്രിട്ടാസ് സഭയിൽ ഉന്നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates