പത്തനംതിട്ട: ശബരിമലയില്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മകരവിളക്ക് ദര്‍ശനം നടത്തി സായൂജ്യം നേടി ഭക്തജനങ്ങള്‍. മകര ജ്യോതി, മകര വിളക്ക് ദര്‍ശന പുണ്യം നേടിയതിന്റെ ആശ്വാസത്തില്‍ ഭക്തര്‍ മലയിറങ്ങി തുടങ്ങി.
തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ട് ആറരയോടെ സന്നിധാനത്ത് എത്തി. ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയും ചേര്‍ന്നാണ് തിരുവാഭരണം സ്വീകരിച്ചത്.
തുടർന്നായിരുന്നു അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. ഇതിന് പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞത്.
പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 5.30നാണ് ശരംകുത്തിയില്‍ എത്തിയത്. അവിടെ നിന്ന് ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചാണ് സന്നിധാനത്തേയ്ക്ക് ആനയിച്ചത്. ഇന്ന് പുലര്‍ച്ചെ 2.45നായിരുന്നു മകര സംക്രമ പൂജ. സൂര്യന്‍ ധനു രാശിയില്‍ നിന്നു മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകര ജ്യോതി ദര്‍ശിക്കാന്‍ 10 വ്യൂ പോയിന്റുകളാണ് ഒരുക്കിയത്. മകരവിളക്ക് ദര്‍ശനത്തിന് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയ പുല്ലുമേട്ടിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്എന്‍എല്‍ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട് അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്റിന് മുന്‍വശം എന്നിവിടങ്ങളിലും ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates