പത്തനംതിട്ട: അയ്യപ്പഭക്തരുടെ മനംനിറച്ച ദര്‍ശനപുണ്യത്തോടെ 2025-26 വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം. 52 ലക്ഷത്തിലധികം ഭക്തര്‍ ഇക്കുറി ഇതുവരെ ദര്‍ശനം നടത്തിയപ്പോള്‍, ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമായ 435 കോടി രൂപ ലഭിച്ചു. ഇതില്‍ അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടി രൂപയും ഇതുവരെ ലഭിച്ചു.
തീര്‍ഥാടന കാലയളവില്‍ 20 ലക്ഷത്തിലധികം ഭക്തര്‍ക്ക് സന്നിധാനത്ത് അന്നദാനം നല്‍കി. ഉച്ചയ്ക്ക് തീര്‍ത്ഥാടകര്‍ക്ക് സദ്യ വിളമ്പിയത് ഇത്തവണത്തെ സവിശേഷതയായിരുന്നു. ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കുന്നതിനായി ശരംകുത്തിയിലെ ബോയിലര്‍ ശേഷി പതിനായിരം ലിറ്ററായി ഉയര്‍ത്തി പൈപ്പ് വഴി കിയോസ്‌കുകളില്‍ വെള്ളമെത്തിച്ചു. ലഘുഭക്ഷണമായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റും വിതരണം ചെയ്തു.
ഭക്തര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 2,600-ലധികം ടോയ്ലറ്റുകള്‍ സജ്ജമാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിലയ്ക്കലിന് പുറമെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും പാര്‍ക്കിംഗ് അനുവദിച്ചതോടെ വാഹനത്തിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചു. നിലയ്ക്കലില്‍ മാത്രം 10,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി. ഭക്തരുടെ വിശ്രമത്തിനായി പമ്പയില്‍ ജര്‍മ്മന്‍ പന്തലുകള്‍ ഉള്‍പ്പെടെ പുതിയ നടപ്പന്തലുകള്‍ സ്ഥാപിച്ചു. മൂവായിരം പേര്‍ക്ക് വിരിവയ്ക്കാവുന്ന താത്കാലിക സംവിധാനങ്ങളും ഒരുക്കിയിരുന്നു.
ആരോഗ്യ മേഖലയില്‍ മികച്ച സേവനങ്ങളാണ് സര്‍ക്കാര്‍ ഉറപ്പാക്കിയത്. സന്നിധാനത്ത് ഇ.സി.ജി, എക്കോ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കി. പമ്പയിലും സന്നിധാനത്തുമായി എഴുപതിലധികം കിടക്കകളുള്ള ആശുപത്രി സംവിധാനവും പമ്പ മുതല്‍ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു. തീര്‍ത്ഥാടന പാതയില്‍ നാല് ആംബുലന്‍സ് സര്‍വീസുകള്‍ ഉറപ്പാക്കി. 18,741 പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും, വനം, അഗ്‌നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി തുടങ്ങി 33 സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനവുമാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തെ സുഗമമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates