ശബരിമല: ശബരിമലയില്‍ മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. റെക്കോര്‍ഡ് വരുമാനമാണ് ഈ സീസണില്‍ ലഭിച്ചത്. 12ാം തീയതി വരെയുളള കണക്കു പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 380 കോടിയായിരുന്നു വരുമാനം. അപ്പം അരവണയില്‍ നിന്ന് 190 കോടിയും (കഴിഞ്ഞവര്‍ഷം 160 കോടി) കാണിക്കയായി 110 കോടിയും (കഴിഞ്ഞ വര്‍ഷം 105 കോടി) ലഭിച്ചു. നാണയങ്ങള്‍ എണ്ണുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് 20ന് മുമ്പായി ഇത് പൂര്‍ത്തിയാക്കും.
തിങ്കളാഴ്ച്ച വരെ 51 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയതായി കെ ജയകുമാര്‍ പറഞ്ഞു. 44 ലക്ഷം മണ്ഡലകാലത്തും ഏഴ് ലക്ഷം തീര്‍ഥാടകര്‍ മകരവിളക്ക് ഉത്സവത്തിനും എത്തി. മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പ്രസിഡന്റ് പറഞ്ഞു. തീര്‍ഥാടകര്‍ സുരക്ഷിതരായി മകരവിളക്ക് ദര്‍ശിച്ച് മടങ്ങുകയാണ് പ്രധാന ലക്ഷ്യം. അടുത്ത മണ്ഡല മകരവിളക്ക് സീസണിനുള്ള ഒരുക്കങ്ങള്‍ ഫെബ്രുവരി മാസം ആരംഭിക്കും. ഫെബ്രുവരി ആറിന് കഴിഞ്ഞ സീസണിന്റെ അവലോകനവും പുതിയ സീസണിന്റെ മുന്നൊരുക്കവും ആരംഭിക്കും. ഇൗ മകരവിളക്കിന് മുറികള്‍ ശുപാര്‍ശകളിലൂടെ ചിലര്‍ സ്വന്തമാക്കുന്നത് തടയാനായിട്ടുണ്ട്. കൂടുതല്‍ ശതമാനം മുറികളും ഓണ്‍ലൈനായി പൊതുവായി തീര്‍ഥാടകര്‍ക്ക് ഒരു ശുപാര്‍ശയും കൂടാതെ നല്‍കാനായി. ഡോണര്‍ ഹൗസുകളുടെ കാര്യത്തിലുള്ള ചില തെറ്റായ ശീലങ്ങളും തടയുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
സ്‌പോണ്‍സര്‍ഷിപ് ഗൈഡ് ലൈന്‍ നവീകരിക്കും ഒപ്പം ബരിമലയില്‍ അവശ്യമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍മാരെ തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോണ്‍സര്‍മാര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഇനി മുതല്‍ ശബരിമലയില്‍ ചെയ്യാന്‍ കഴിയില്ല. ഇത്തരം ചില സ്‌പോണ്‍സര്‍മാര്‍ക്ക് ഇനി ശബരിമലയില്‍ വിലസാന്‍ കഴിയില്ല എന്നും കെ ജയകുമാര്‍ പറഞ്ഞു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ഓഡിറ്റിങ് നടത്തും. വിലപിടിപ്പുള്ള സാധനങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്ക് അടക്കം രേഖപ്പെടുത്തി സൂക്ഷിക്കും. കാര്‍ബണ്‍ കോപ്പി ഉപയോഗിച്ചുള്ള രസീത് നിര്‍ത്തലാക്കും. സംവിധാനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ ആക്കും. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ത്ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുള്ളതിനാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates