ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയില്‍ മാര്‍ച്ച് 14 ന് അകം സംസ്ഥാന സര്‍ക്കാര്‍ അടക്കം കേസിലെ കക്ഷികള്‍ വാദങ്ങളും നിലപാടുകളും രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനായി 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കും. ഏപ്രില്‍ 7 ന് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഏപ്രില്‍ 22 ന് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.
ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ശബരിമല കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുക. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനാ ഹര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശബരിമലയിലെ വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എതിര്‍ക്കുമോയെന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങള്‍ക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ വാദവും, മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനു പുറമെ, മലയാളി അഭിഭാഷകനായ കെ പരമേശ്വരനെ കൂടി കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates