കെ ആലിക്കുട്ടി മുസ്ലിയാര്‍ 
Kerala

സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു. സ്വദേശമായ മലപ്പുറം തിരൂര്‍കാട്ടെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

മലപ്പുറം ജില്ലയിലെ ഇരുമ്പുഴിക്കോട്ട് 1945ല്‍ ജനനം. ദര്‍സ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ മുദരിസായി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ അധ്യാപകനായി. 2003 മുതല്‍ പ്രിന്‍സിപ്പലായ അദ്ദേഹം ശൈഖുല്‍ ജാമിഅ എന്നാണ് അറിയപ്പെടുന്നത്.

2010ല്‍ സമസ്ത സെക്രട്ടറിയായി. 2003 മുതല്‍ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനും 2006-09ല്‍ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായിരുന്നു. 2016 മുതല്‍ സമസ്ത ജനറല്‍ സെക്രട്ടറിയാണ്. 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രിന്‍സിപ്പല്‍, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്സ് വൈസ് പ്രസിഡന്റ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളജ് പ്രസിഡന്റ്, വടകര ഹുജ്ജത്തുല്‍ ഇസ്ലാം ഇസ്ലാമിക് കേംപ്ലക്സ് എന്നിവയുടെ മുഖ്യഭാരവാഹിത്വം തുടങ്ങിയവ വഹിച്ചിരുന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി, അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങള്‍ കൂടി അദ്ദേഹം വഹിച്ചിരുന്നു.

ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്ലിയാര്‍ നിലവില്‍ മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റി(ഇഫല്‍)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്.

2008 ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംബന്ധിച്ചു. 2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012 ല്‍ മൊറോക്കോയില്‍ നടന്ന സൂഫീ സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Samastha General Secretary Prof. K. Alikutty Musliyar passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല