തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തനതായ ശൈലിയിൽ മറുപടി നൽകി കോൺഗ്രസ് എംപി ശശി തരൂർ. താൻ രാഹുൽ ഗാന്ധിയുടെ ട്രാവൽ ഏജന്റല്ലെന്നും അത്തരം ചോദ്യങ്ങൾ തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും തരൂർ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക പുതുക്കലിലെ അപാകതകൾക്കെതിരെയും ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ രാഹുൽ വിദേശത്തേക്ക് പോയതിനെ ബിജെപി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം.
"ഞാൻ അദ്ദേഹത്തിന്റെ ഒരു ട്രാവൽ ഏജന്റല്ല. അതുകൊണ്ട് എന്നോട് ഈ ചോദ്യം ചോദിച്ചിട്ട് യാതൊരു കാര്യവുമില്ല. ഞാനും ഡൽഹിയിലെ പരിപാടികൾ വിട്ടല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത്? ഓരോ വ്യക്തികൾക്കും അവരുടേതായ ഉത്തരവാദിത്തങ്ങളും ചുമതലകളുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ എനിക്ക് കഴിയില്ല," തരൂർ വ്യക്തമാക്കി.
ഡൽഹിയിൽ പച്ചക്കള്ളങ്ങൾ വിളിച്ച് കൂവി മടുത്തതോടെയാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോയതെന്നായിരുന്നു ബിജെപിയുടെ പരിഹാസം. പാർലമെന്റിലും തെരുവിലും പ്രധാന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന പ്രതിപക്ഷ നേതാവ് പ്രതിഷേധങ്ങൾ പാതിവഴിയിലാക്കി പതിവുപോലെ വിദേശത്തേക്ക് പോയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates