കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ കുറ്റകൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്താന്‍ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വിലയിരുത്തല്‍. ഫാദര്‍ തോമസ് കോട്ടൂരിനെ വിചാരണ ചെയ്തത് അവിഹിത ബന്ധമുണ്ടെന്ന കേസില്‍ അല്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സിസ്റ്റര്‍ സെഫി കന്യകാത്വം നഷ്ടപ്പെട്ടത് മറച്ചുവെച്ചുവെന്ന് പറയുന്നു. സ്വഭാവദൂഷ്യത്തിനല്ല വിചാരണ നേരിട്ടതെന്നും കോടതി നിരീക്ഷിച്ചു.
തനിക്ക് സെഫിയുമായി ബന്ധമുണ്ടെന്ന് ഫാദര്‍ തോമസ് കോട്ടൂര്‍ പറഞ്ഞുവെന്ന സാക്ഷി കളര്‍കോട് വേണുഗോപാലിന്റെ മൊഴി വിചിത്രമാണ്. ഇത് അംഗീകരിച്ചാല്‍ തന്നെ ഫാ. തോമസിനെ വിചാരണ ചെയ്തത് അവിഹിത ബന്ധത്തിന്റെ പേരിലല്ല. അവിഹിതബന്ധം ഉള്ളതുകൊണ്ടു മാത്രം കുറ്റത്തില്‍ പങ്കാളിയാണെന്ന് പറയാനാകില്ലെന്നും കോടതി വിലയിരുത്തി.
സിസ്റ്റര്‍ സെഫി കന്യകാത്വം നഷ്ടപ്പെട്ടത് മറച്ചുവെച്ചുവെന്നത് കുറ്റകൃത്യവുമായോ ഫാദര്‍ കോട്ടൂരുമായോ ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ല. രാത്രി മോഷ്ടിക്കാന്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെ രാത്രി കോണ്‍വെന്റില്‍ കണ്ടുവെന്ന് അടയ്ക്ക രാജു മൊഴി നല്‍കി. മോഷ്ടിച്ച വാട്ടര്‍ മീറ്റര്‍ വില്‍ക്കാന്‍ പോകുമ്പോഴും കണ്ടുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ വാട്ടര്‍ മീറ്റര്‍ കണ്ടെടുക്കാനായില്ല. രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് കോണ്‍വെന്റില്‍ എത്തിയതെന്നാണ് രാജു കോടതിയോട് പറഞ്ഞത്.
എന്നാല്‍ പൊലീസിനോട് പറഞ്ഞത് മൂന്നരയ്ക്കും നാലിനും ഇടയിലെന്നാണ്. ക്രോസ് വിസ്താരത്തില്‍ രാവിലെ അഞ്ചുവരെ കോണ്‍വെന്റില്‍ തുടര്‍ന്നുവെന്നും മൊഴി നല്‍കി. അത് ശരിയാണെങ്കില്‍ അഭയയെ കൊലപ്പെടുത്തുന്നതും കാണേണ്ടതായിരുന്നു. പക്ഷെ സംഭവത്തിന് ദൃക്‌സാക്ഷികളില്ല. അടുക്കളയും വര്‍ക് ഏരിയയും അലങ്കോലപ്പെട്ടു കിടന്നതും അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടു എന്നതും ആരെയും കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്നില്ല.
സിസ്റ്റര്‍ സെഫിയെ താഴത്തെ നിലയില്‍ കണ്ടു എന്നതും കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സ്ഥലത്തെത്തിയ എസ്‌ഐ മാത്രമാണ് പരിസരത്ത് കൈക്കോടാലി കണ്ടെത്തിയത്. അഭയയുടെ തലയ്ക്ക് ഇതുപയോഗിച്ച് അടിച്ചു എന്നു പറയുമ്പോള്‍, കൈക്കോടാലി കോടതിയില്‍ തൊണ്ടിയായി ഹാജരാക്കിയിട്ടില്ല. സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചതാണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും കോടതി വിലയിരുത്തി. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം.
നരഹത്യയാണെന്നും പ്രതികൾ കുറ്റക്കാരാണെന്നുമുള്ള നിഗമനത്തിൽ വിചാരണ കോടതി എത്തിയ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുടെ ഉത്തരവ്. വിചാരണക്കോടതി ഇവർക്കു വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതും കോടതി തടഞ്ഞു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തീർപ്പാക്കുന്നതു വരെയാണ് ശിക്ഷ മരവിപ്പിച്ചത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കോടാലിയാണെന്നു പറഞ്ഞെങ്കിലും പിന്നീട് കൈക്കോടാലി ആയി. ഇവ പിടിച്ചെടുത്തില്ലെന്നും കോടതിയിൽ ഹാജരാക്കിയില്ലെന്നതും അടക്കം പ്രോസിക്യൂഷൻ ആശ്രയിച്ച തെളിവുകളിലെ പൊരുത്തക്കേടുകൾ പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അപ്പോഴാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയ തെളിവുകൾ സംബന്ധിച്ച് പ്രോസിക്യൂഷന് ഫലപ്രദമായി മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്.
അഭയ ജീവനൊടുക്കിയതാണെന്ന പ്രതികളുടെ വിചിത്രമായ വിശദീകരണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇവ സാഹചര്യങ്ങൾ കൂട്ടിയിണക്കാനുള്ള കണ്ണിയാണ്, അതുമാത്രംകൊണ്ടു കുറ്റക്കാരാണെന്നുള്ള നിഗമനത്തിൽ എത്തിച്ചേരാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കർശന ഉപാധികളോടെയാണ് പ്രതികളായ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും കോടതി ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ആദ്യ 6 മാസത്തിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഓഫിസർക്കു മുന്നിൽ എല്ലാ ശനിയാഴ്ചയും അതിനുശേഷം എല്ലാ രണ്ടാം ശനിയാഴ്ചയും ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലായിരുന്ന സെഫി ജാമ്യത്തുകയായ 5 ലക്ഷം രൂപ കെട്ടിവച്ച് ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ പുറത്തിറങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഫാ.തോമസ് കോട്ടൂരിന്റെ മോചനം ഇന്നുണ്ടായേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates