കൊച്ചി: പ്രതിഷേധിച്ച 16 വിദ്യാര്‍ഥികളില്‍ നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി കാലടി സംസ്‌കൃത സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. രേഖാമൂലം നിരുപാധികം മാപ്പപേക്ഷ നല്‍കിയാല്‍ 12 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നും സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ ഉത്തരവ് ലംഘിച്ച് ക്യാംപസില്‍ പ്രവേസിച്ചതിന്റെ പേരിലാണ് പി എസ് അര്‍ച്ചന, ശ്യം ജിത്ത്, സി പി ശ്രദ്ധ, കെ വി അഭിജിത്ത് എന്നിവരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടിയതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയത് വെറുമൊരു പ്രതിഷേധമായി മാത്രം കണക്കാക്കാനാവില്ല. വിസിയുടെ മതവിശ്വാസത്തെക്കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് വിസിക്ക് പുറത്തിറങ്ങാനായതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥികളെ 60 ദിവസത്തിലേറെ സസ്‌പെന്‍ഷനില്‍ പുറത്തു നിര്‍ത്തിയിട്ടും അധികൃതരുടെ അരിശം തീര്‍ന്നില്ലേയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇനിയെന്തിനാണ് മാപ്പ്, അച്ചടക്ക നടപടി കഴിഞ്ഞില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഹര്‍ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും, പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates