ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ ചിത്രം
Kerala

മറച്ചുവെക്കാനുണ്ടെന്ന പ്രയോഗം അനാവശ്യമെന്ന് മുഖ്യമന്ത്രി; ആരെയാണ് വിശ്വസിക്കേണ്ടതെന്ന് ഗവര്‍ണര്‍

മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കത്തുകളും മറുപടിക്കത്തുകളുമായി മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നു. ഇന്നലെ ഗവര്‍ണര്‍ അയച്ച കത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. തനിക്കെന്തെങ്കിലും മറച്ചുവെക്കാനുണ്ട് എന്നത് അനാവശ്യ പരാമര്‍ശമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തെപ്പറ്റിയും ഗവര്‍ണര്‍ സൂചിപ്പിച്ചു.

തനിക്കെന്തോ മറക്കാനുണ്ടെന്ന പരാമര്‍ശം അനാവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മറുപടിയില്‍ പറയുന്നുണ്ട്. ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഒക്ടോബര്‍ മൂന്ന് കത്തയച്ചത്. എന്നാല്‍ അഭിമുഖത്തിലെ ദേശവിരുദ്ധ പരാമര്‍ശം താന്‍ പറഞ്ഞതല്ലെന്ന് പത്രം തന്നെ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പറയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയെയാണോ, ദി ഹിന്ദു ദിനപ്പത്രത്തേയാണോ ആരെയാണ് പി ആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്. ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ കേസെടുത്തില്ല. തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാ ബാധ്യതയുണ്ടെന്നുമാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അതേസമയം വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രിയും വ്യക്തമാക്കി. സ്വര്‍ണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ കേന്ദ്രത്തിനാണ് കൂടുതല്‍ ചുമതലയുള്ളതെന്നും സ്വര്‍ണക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി ഏറ്റെടുത്ത് ചെയ്യാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് ചൊവ്വാഴ്ച ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തോ മുഖ്യമന്ത്രിക്ക് മറച്ചുവെക്കാനുണ്ടെന്നായിരുന്നു കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

SCROLL FOR NEXT