കോട്ടയം: എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതുകൊണ്ടുതന്നെ ഐക്യവുമായി മുന്നോട്ടു പോകുന്നില്ല. ഐക്യം നടപ്പിലായാല്‍ സമദൂരം പ്രായോഗികമാകുമോയെന്നും സംശയമുണ്ട്. ഐക്യ ചര്‍ച്ചയുടെ അധ്യായം ഇപ്പോള്‍ പൂര്‍ണമായി അടയ്ക്കുകയാണെന്നും ജി സുകുമാരന്‍ നായര്‍, എസ്എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനപ്പെട്ട രണ്ടു ഹിന്ദു സംഘടനകള്‍ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പക്ഷെ യോജിപ്പിനു പിന്നില്‍ ഉന്നയിച്ച ആളുകള്‍ക്ക് ആലോചനയുടെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യം വന്നു. ഐക്യത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍, മകനായാലും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു നേതാവിനെ വിടാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചതിനെ പരാമര്‍ശിച്ചായിരുന്നു സുകുമാരന്‍ നായരുടെ പരാമര്‍ശം.
തുഷാറിനെ വിട്ടിരുന്നില്ല. വിടാന്‍ അനുവാദം ചോദിച്ചപ്പോള്‍ പറ്റില്ലായെന്ന് പറഞ്ഞു. ഇക്കാര്യം ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് മുമ്പേ തന്നെ വെള്ളാപ്പള്ളി നടേശനെ നേരിട്ട് അറിയിച്ചിരുന്നതാണ്. അവര്‍ വരുന്നതിനു മുമ്പേ തന്നെ സമുദായത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് തോന്നിയിരുന്നു. ആദ്യം ഉണ്ടായ സംഭവവും, പിന്നീട് മാറിപ്പറയാന്‍ ഇടയാക്കിയ സംഭവവും ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചത് ഞാനാണ്. ഐക്യവുമായി മുന്നോട്ടു പോകേണ്ടെന്ന് യോഗത്തില്‍ നിര്‍ദേശിച്ചതും ഞാനാണ്. ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഈ വിഷയത്തില്‍ ഒരു ഭിന്നാഭിപ്രായവുമില്ല. നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ നേതൃത്വം ഉണ്ടോയെന്ന ചോദ്യങ്ങള്‍ക്ക്, അതൊന്നും അറിയില്ല, പക്ഷെ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്. വെറുതെ എന്തിനാണ് പൊല്ലാപ്പിന് പോകുന്നത്. ഒറ്റയ്ക്ക് പോകുന്നതിനുള്ള എല്ലാ സാഹചര്യവും എന്‍എസ്എസിനുണ്ട്. ഞാന്‍ സംസാരിക്കുന്നത് സമുദായത്തിന് വേണ്ടിയാണ്. അവര്‍ സംസാരിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് അറിഞ്ഞുകൂടാ. കാരണമുണ്ടായിട്ടാണ് ഞാന്‍ പറയുന്നത്. അവരു തന്നെയുണ്ടാക്കിയ കാരണമാണ് ഇത്. സുകുമാരന്‍ നായര്‍ പറഞ്ഞു.
ഒരു ഐക്യ വിഷയം നിഷ്പക്ഷനായി നില്‍ക്കുന്നവരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അച്ഛനാകട്ടെ, മകനാകട്ടെ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാവിനെ സംസാരിക്കാന്‍ വിടുന്നതിന് പിന്നില്‍ എന്താണ് അര്‍ത്ഥം.?. ആര്‍ക്കു വേണ്ടിയാണിത്?. ഞങ്ങള്‍ക്ക് ഒരു അബദ്ധം വരാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികളോടുമുള്ള നിലപാടില്‍ ഒരു മാറ്റവുമില്ല. എല്ലാം സമദൂരത്തില്‍ അടിസ്ഥാനമാണ്. എല്ലാവരോടും സൗഹാര്‍ദ്ദം പുലര്‍ത്തി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നു. വെള്ളാപ്പള്ളി നടേശന് പത്മപുരസ്‌കാരം ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates