ശബരിമല: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.
26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും.
ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.
പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് 1.15ന് മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-1.30, കുളനട ഭഗവതി ക്ഷേത്രം-2.00, ഉള്ളന്നൂർ ഭദ്രാദേവീക്ഷേത്രം-3.00, പറയങ്കര ഗുരുമന്ദിരം-3.20, കുറിയാനിപ്പള്ളി ദേവീക്ഷേത്രം-3.30, കാവുംപടി ക്ഷേത്രം-4.00, കിടങ്ങന്നൂർ ജംക്‌ഷൻ-4.30, നാൽക്കാലിക്കൽ സ്കൂൾ ജംക്‌ഷൻ-5.00, ആറന്മുള കിഴക്കേനട-5.30, പൊന്നുംതോട്ടം ക്ഷേത്രം-5.45, പാമ്പാടിമണ്ണ്-7.00, ചെറുകോൽപ്പുഴ ക്ഷേത്രം-8.30, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം-9.30, വിശ്രമം.
പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മൂക്കന്നൂർ-3.40, ഇടപ്പാവൂർ-3.50, പേരൂർചാൽ-4.00, ആയിക്കപ്പാറ-4.15, ഇടക്കുളം അയ്യപ്പക്ഷേത്രം-4.30, വടശേരിക്കര ചെറുകാവ് ക്ഷേത്രം-8.00, പ്രയാർ മഹാവിഷ്ണു ക്ഷേത്രം-9.30, മാടമൺ ഋഷികേശ ക്ഷേത്രം-10.30, പൂവത്തുമൂട്-11.00, കൂടക്കാവ്-12.00, കൊട്ടാരത്തിൽ-12.30, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-1.30, പെരുനാട് രാജേശ്വരീ മണ്ഡപം-3.30, ളാഹ വനംവകുപ്പ് സത്രം-8.00, വിശ്രമം.
പുലർച്ചെ രണ്ടിന് ളാഹയിൽ നിന്നും ഘോഷയാത്ര പുറപ്പെടും. പ്ലാപ്പള്ളി-5.00, ഇലവുങ്കൽ-6.30, നിലയ്ക്കൽ ക്ഷേത്രം-9.00, അട്ടത്തോട്-10.00, കൊല്ലമൂഴി-10.30, ഒലിയമ്പുഴ-11.30, വലിയാനവട്ടം-12.30, ചെറിയാനവട്ടം-1.00, നീലിമല-2.30, ശബരിപീഠം-4.30, ശരംകുത്തി-5.30, സന്നിധാനം-6.00.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates