സാബു പൊലീസ് സ്റ്റേഷനില്‍ / ടെലിവിഷന്‍ ചിത്രം 
Kerala

ശവസംസ്‌കാരം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോള്‍ 'മരിച്ചയാള്‍' വീട്ടില്‍ ; അമ്പരപ്പുമായി വീട്ടുകാര്‍ ; പുലിവാലു പിടിച്ച് പൊലീസ്

സാബുവിനെ കണ്ടെത്തിയതോടെ അപകടത്തില്‍ മരിച്ചത് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശവസംസ്‌കാരവും കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോള്‍ മരിച്ചയാള്‍ വീട്ടില്‍ തിരിച്ചെത്തി. കുടശ്ശനാട്, പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ സക്കായി എന്നു വിളിക്കുന്ന സാബു(35)വിനെയാണ് മൂന്ന് മാസത്തിനുശേഷം സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടുവന്നത്. അപകടത്തില്‍പ്പെട്ട് മരിച്ചെന്ന് കരുതി മൂന്നുമാസം മുമ്പ് വീട്ടുകാര്‍ ശവസംസ്‌കാരം നടത്തിയിരുന്നു. സാബു തിരിച്ചെത്തിയതോടെ സംസ്‌കരിച്ചത് ആരുടെ മൃതദേഹമാണ് എന്ന അന്വേഷണം ഊര്‍ജ്ജിതമായി. 

കാറ്ററിങ്, ഹോട്ടല്‍, ബസ് ക്ലീനര്‍ ജോലികള്‍ ചെയ്തിരുന്ന സാബു വല്ലപ്പോഴുമാണ് വീട്ടില്‍ വന്നിരുന്നത്. ചെറിയ മോഷണങ്ങളും നടത്തിയിരുന്നു. ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ ഹോട്ടലില്‍നിന്നു 2020 നവംബറില്‍ 46,000 രൂപ മോഷ്ടിച്ചെന്ന കേസില്‍ സാബുവിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് വിവരമൊന്നും ഇല്ലായിരുന്നു.

ഡിസംബര്‍ 24ന് പാലായ്ക്കടുത്ത് ഇടപ്പാടിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയാനായി പാലാ പോലീസ്, മറ്റ് സ്‌റ്റേഷനുകളില്‍ ബന്ധപ്പെട്ടു. സാബുവാണെന്ന് സംശയം തോന്നിയ തിരുവനന്തപുരം പൊലീസ്, ഇയാളുടെ സഹോദരന്‍ സജിയുമായി ബന്ധപ്പെട്ടു. ഡിസംബര്‍ 26ന് പാലായിലെത്തിയ സഹോദരന്‍ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. 

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം 30ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. സാബുവിന് മുന്‍ ഭാഗത്തെ 3 പല്ലുകള്‍ ഇല്ലായിരുന്നു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. 

വെള്ളിയാഴ്ച രാവിലെ സാബു ക്ലീനറായി ജോലിനോക്കിയിരുന്ന ബസിലെ ഡ്രൈവര്‍ മുരളീധരനാണ് ഇയാളെ കണ്ടെത്തുന്നത്. സുഹൃത്തുക്കളും സഹോദരന്‍ സജിയും ചേര്‍ന്ന് സാബുവിനെ പന്തളം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.സീനയും സ്‌റ്റേഷനിലെത്തി സാബുവിനെ തിരിച്ചറിഞ്ഞു.

സാബുവിനെ കണ്ടെത്തിയതോടെ പാലായില്‍ അപകടത്തില്‍ മരിച്ചത് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസ്. മൃതദേഹത്തിന്റെ ആന്തരാവയവങ്ങളുടെ സാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി മൂന്നുമാസംമുമ്പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം