തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട് അവരുടെ അക്കൗണ്ടിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. സാമൂഹ്യപ്രവര്‍ത്തകനായ മുരളി സിഎസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഒരാള്‍ക്ക് ആയിരം രൂപ എന്നനിലയില്‍ 52,826 പേര്‍ക്ക് ഓണക്കോടി ഫണ്ട് നല്‍കാനാണ് വിഡി സതീശന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനായി 5,28,26,000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഈ നടപടി ആദിവാസികളോടുള്ള വഞ്ചനയ്ക്ക് തുല്യമാണെന്ന് കത്തില്‍ പറയുന്നു. പട്ടികവര്‍ഗ്ഗ വകുപ്പില്‍ ഓണക്കോടി വിതരണത്തിന് അക്കൗണ്ടിലേക്ക് നേരിട്ട് തുക നല്‍കുന്ന സൂതാര്യമായ രീതിയുള്ളപ്പോള്‍ അതിനെ അട്ടിമറിച്ചുകൊണ്ട് ചില തല്‍പരകക്ഷികള്‍ അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ ഈ പദ്ധതി ഏറ്റെടുക്കാനായി രംഗത്തിറങ്ങിയ കാര്യം നേരത്തെ തന്നെ പരസ്യമായതാണ് . ഈ കക്ഷികള്‍ സംസ്ഥാന പൊതുമേഖലയിലെ ചില സ്ഥാപനങ്ങളെ മുന്‍നിര്‍ത്തിയാണ് അവരുടെ ലക്ഷ്യങ്ങള്‍ക്കായി മന്ത്രിമാരെ സ്വാധീനിക്കുന്നതെന്നും കത്തില്‍ പറയുന്നു.
ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് ആദിവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1000 രൂപ വീതം നേരിട്ട് നല്‍കിയിരുന്നത്. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായാല്‍ ഫണ്ട് കൊള്ളയടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് അങ്ങനെ ചെയ്തത്. നിവവിലെ ഉത്തരവ് പ്രകാരം വിതരണം നടത്തിയാല്‍ ആദിവാസികള്‍ക്ക് ലഭിക്കുന്നത് ഒരുതവണ കഴുകിയാല്‍ ചുരുങ്ങിപ്പോകുന്ന ഗുണനിലവാരമില്ലാത്ത ഓണക്കോടി ആയിരിക്കും. അതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഓണം ആഘോഷിക്കാന്‍ കോടികളും ലഭിക്കുമെന്നും കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം
കേരള മുഖ്യമന്ത്രി അഡ്വ: വി ഡി സതീശന് കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.എസ്. മുരളി(C S Murali Shankar) എഴുതുന്ന തുറന്ന കത്ത്
വിഷയം: ആദിവാസികള്‍ക്ക് നല്‍കുന്ന ഓണക്കോടി വിതരണം സംബന്ധിച്ച്.
സർ,
2026-27 സാമ്പത്തിക വർഷം ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവർഗ്ഗക്കാർക്ക് സൗജന്യമായി ഓണക്കോടി വിതരണം ചെയ്യുന്നതിന് സംസ്ഥാനത്തെ ഐ.റ്റി.ഡി പ്രോജക്റ്റ് ഓഫീസർമാർ, ട്രൈബൽ ഡെവലപ്പ് മെൻ്റ് ഓഫീസർമാർ എന്നിവർ മുഖേന കണ്ടെത്തിയ ഗുണഭോക്താക്കളായ 60 വയസ്സ് മുതലുള്ള പട്ടികവർഗ്ഗക്കാരായ 52,826 പേർക്ക് ഓണക്കോടി വിതരണ പദ്ധതി നടപ്പിലാക്കുന്നതിന് ഒരാൾക്ക് ₹1000/- നിരക്കിൽ ആകെ ₹5.28.26,000/-(അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷത്തി ഇരുപത്തി ആറായിരം രൂപ മാത്രം) ബഹു:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച് സർക്കാർ അംഗീകൃത ഏജൻസികൾ മുഖേന ഓണക്കോടി വിതരണം ചെയ്യുന്നതിന് പരാമർശം പ്രകാരം പട്ടികവർഗ്ഗ വികസന ഡയറക്ടർ ശുപാർശ ലഭ്യമാക്കിയിരുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2026-27 സാമ്പത്തിക വർഷം സംസ്ഥാനത്തെ 60 വയസ്സ് മുതലുള്ള 52,826 പട്ടികവർഗ്ഗക്കാർക്ക് സൗജന്യമായി ഓണക്കോടി വിതരണം ചെയ്യുന്നതിന് സർക്കാർ അംഗീകൃത ഏജൻസിയായ ഹാൻവീവിനെ തെരെഞ്ഞെടുത്തുകൊണ്ടും ഒരാൾക്ക് ₹1000/- നിരക്കിൽ 52.826 പേർക്ക് ₹5,28,26,000/- (അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷത്തി ഇരുപത്തിആറായിരം രൂപ മാത്രം)
ബഹു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും . അനുവദിച്ചുകൊണ്ടുമുളള ഉത്തരവ്) പുറപ്പെടുവിച്ചിരുന്നുവല്ലോ. ഇതിനായി ഒരാള്‍ക്ക് 1000 രൂപ നിരക്കില്‍ 52,826 പേർക്ക് ആകെ 5.28,26,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഈ നടപടി ആദിവാസികളോടുള്ള വഞ്ചനയ്ക്ക് തുല്യമാണ്. പട്ടികവർഗ്ഗ
വകുപ്പിൽ ഓണക്കോടി വിതരണത്തിന് അക്കൗണ്ടിലേക്ക് നേരിട്ട് തുക നൽകുന്ന സൂതാര്യമായ രീതിയുള്ളപ്പോൾ അതിനെ അട്ടിമറിച്ചുകൊണ്ട് ചില തൽപരകക്ഷികൾ അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ ഈ പദ്ധതി ഏറ്റെടുക്കാനായി രംഗത്തിറങ്ങിയിട്ടുണ്ട് എന്ന വിവരം നേരത്തെ തന്നെ പരസ്യമായിരുന്നു . ഈ കക്ഷികൾ സംസ്ഥാന പൊതുമേഖലയിലെ ചില സ്ഥാപനങ്ങളെ മുൻനിർത്തിയാണ് അവരുടെ ലക്ഷ്യങ്ങൾക്കായി മന്ത്രിമാരെ സ്വാധീനിക്കുന്നത്. Hantex, Hanveev, KSTC (Kerala State Textile Corporation) KSIE (Kerala State Industrial Enterprises), SIDCO, Kerala Khadi & Village Industries, TEXFED, Co-optex (Tamil Nadu,), NTC (National Textile Corporation-New Delhi) പോലുള്ള കേരളത്തിലേയും, കേന്ദ്രത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നതരുമായി ചേർന്ന് ഇക്കൂട്ടർ, 'ടി പൊതുമേഖല സ്ഥാപനങ്ങളുടെ പേരിലാണ് വിതരണാവകാശം ലഭിച്ചത്' എന്ന ലേബലിൽ വൻ അഴിമതിയ്ക്ക് കളമൊരുക്കുകയാണ് ഇക്കൂട്ടരും വകുപ്പ് മേധാവികളും. മുൻ യൂഡിഎഫ് ഭരണകാലത്തും സ്‌കൂൾ യൂണിഫോം, അംഗൻവാടി യൂണിഫോം, ഐടിഐ യൂണിഫോം എന്നിങ്ങനെ വിവിധ തരത്തിലുള്ള യൂണിഫോം വിതരണത്തിനായി നിരവധി ടെൻഡറുകൾ ഈ സംഘം പൊതുമേഖലയെ ഉപയോഗിച്ച് നേടിയെടുത്തത് അങ്ങേയ്ക്ക് പരിശോധിക്കാം. കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് 10 വർഷവും സ്കൂൾ യൂണിഫോം കൈത്തറി സംഘങ്ങൾക്കായി നൽകിയതും, മിക്ക യൂണിഫോം വിതരണങ്ങളും നേരിട്ട് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയതിനാലും ഇവർക്ക്
ഈ രംഗത്ത് കൂടുതലായി ഇടപെടാൻ സാധിച്ചില്ല. മൂൻ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ഒരു വർഷം മാത്രം സ്റ്റേറ്റ് / എയ്‌ഡഡ് സ്‌കൂളുകളിലേയ്ക്ക് യൂണിഫോം വിതരണം ഇതുപോലെ സ്വകാര്യ സ്ഥാപനങ്ങൾക്കും (പൊതുമേഖല മുഖേന), സ്വകാര്യ മില്ലുകൾക്കും, തുണി മൊത്ത കച്ചവടക്കാർക്കും നൽകിയതിൽ വ്യാപക ക്രമക്കേട് നടന്നതിനാൽ പിന്നീടുള്ള വർഷങ്ങളിൽ സ്‌കൂൾ അക്കൗണ്ടുകളിലേക്ക് യൂണിഫോമിനുള്ള തുക നൽകുകയാണ് ഉണ്ടായത്. പിന്നീടുള്ള വർഷങ്ങളിൽ സ്‌കൂൾ യൂണിഫോം വിതരണം ലഭിച്ചിട്ടില്ലെങ്കിലും എസ്.സി/എസ്.ടി, സാമൂഹിക നീതി, ആരോഗ്യം, വനിതാ-ശിശുക്ഷേമം, തൊഴിൽ, കായികം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ ഈ ലോബികൾ പല ടെൻഡറുകളും പൊതുമേഖലയുടെ പേരിൽ നേടിയിട്ടുണ്ട്. പൊതുമേഖലയുടെ പേരിൽ ലഭിക്കുന്ന വിതരണാവകാശത്തിൻ്റെ പേരിൽ തീരെ നിലവാരം കുറഞ്ഞ സാരികളും, മുണ്ടുകളും, മറ്റ് യൂണിഫോം തുണിത്തരങ്ങളും തിരുപ്പൂർ, ബാംഗ്ലൂർ, ഇച്ചൽകറഞ്ചി (കോലാപ്പൂർ), ഭിവണ്ടി (മുംബൈ) എന്നിവിടങ്ങളിൽ നിന്ന് തുച്ഛമായ തുകയ്ക്ക് വാങ്ങിയാണ് ഇവർ ഇത്തരം ഗവൺമെന്റ്റ് സ്കകീമുകളിൽ നിന്ന് കോടികൾ നേടുന്നത്. കഴിഞ്ഞ യൂഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ബിജു പ്രഭാകർ IAS ഇവരുടെ അഴിമതിയും, ദുരുദ്ദേശപരമായ ബിസിനസ്സ് താൽപര്യങ്ങളും നേരിട്ട്
അറിഞ്ഞതിനാലാണ് ഒരു വർഷത്തോടുകൂടി ഇത്തരം ടെൻഡർ നടപടികൾ നിർത്തലാക്കി സ്ക്‌കൂൾ യൂണിഫോം വിതരണത്തിനുള്ള തുക നേരിട്ട് സ്‌കൂളുകൾക്ക് നൽകാൻ തീരുമാനമെടുത്തത്. ഇക്കാര്യം അദ്ദേഹത്തോട് അന്വേഷിച്ചാൽ കൂടുതൽ വ്യക്തത കൈവരും. ശേഷം വന്ന എൽ.ഡി.എഫ് ഗവൺമെന്റ്റ് സ്കൂളുകൾക്ക് തുക നേരിട്ട് നൽകുന്ന സമ്പ്രദായം നിർത്തലാക്കി കൈത്തറി സംഘങ്ങൾക്ക് നൽകുകയാണുണ്ടായത്. അതിനാൽ കഴിഞ്ഞ 10 വർഷവും ഇവർക്ക് ഇതിലേക്ക് കടന്നു വരാൻ കഴിഞ്ഞില്ല. ഈ സംഘം യുഡിഎഫ് ഗവൺമെൻ്റ് വന്നപാടെ അഴിമതി നടത്തുവാൻ വേണ്ടി മാത്രം വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. എൻ.ജി.ഒ. യൂണിയനിലേയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസ്സോസിയേഷനിലേയും പലർക്കും ഈ ലോബികൾ സെക്രട്ടേറിയറ്റും, മന്ത്രി ഓഫീസും കയറിയിറങ്ങുന്നതിന്റെ ലക്ഷ്യങ്ങൾ വ്യക്തമായി തന്നെ അറിയാമെന്നിരിക്കെ, ഏതെങ്കിലും വിധത്തിൽ ഒരു ശ്രദ്ധക്കുറവ് ഇക്കാര്യത്തിൽ ഉണ്ടായാൽ അത് ഈ ഗവൺമെന്റിന്റെ ആരംഭദിശയിൽ തന്നെ വരുന്ന വൻ അഴിമതി ആരോപണമായി മാറും. അതിനാൽ ഈ ഗവൺമെൻ്റിൻ്റെ മേൽ അഴിമതിയുടെ ആദ്യ കരിനിഴൽ ഈ സംഘം വീഴ്ത്തുമെന്ന് ഉറപ്പാണ്.
കൂടാതെ പട്ടികവര്‍ഗ്ഗ ഡയറക്ടറേറ്റില്‍ ആദിവാസികളുടെ ക്ഷേമഫണ്ട് സ്ഥിരമായി തട്ടിയെടുക്കുന്ന ഒരുസംഘം ഉദ്യോഗസ്ഥരുണ്ട്. സി.എ.ജി. (CAG), ധനകാര്യ വിഭാഗം, ഇന്റേണല്‍ ഓഡിറ്റ് വിഭാഗം എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 'ജനനി ജന്മരക്ഷ' പദ്ധതിയുടെ ഫണ്ട് പോലും തട്ടിയെടുത്ത ചരിത്രമുള്ളവരാണ് ഈ ഉദ്യോഗസ്ഥര്‍. നേരിട്ട് ഓണക്കോടി വിതരണം നടത്തിയാല്‍ അതിലൂടെ കോടികള്‍ കൈക്കലാക്കാന്‍ സാധിക്കുമെന്ന് ഇക്കൂട്ടര്‍ക്ക് വ്യക്തമായി അറിയാം.
ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് ആദിവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1000 രൂപ വീതം നേരിട്ട് നല്‍കിയിരുന്നത്. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായാല്‍ ഫണ്ട് കൊള്ളയടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് അങ്ങനെ ചെയ്തത്. നിവവിലെ ഉത്തരവ് പ്രകാരം വിതരണം നടത്തിയാല്‍ ആദിവാസികള്‍ക്ക് ലഭിക്കുന്നത് ഒരുതവണ കഴുകിയാല്‍ ചുരുങ്ങിപ്പോകുന്ന ഗുണനിലവാരമില്ലാത്ത ഓണക്കോടി ആയിരിക്കും. അതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഓണം ആഘോഷിക്കാന്‍ കോടികളും ലഭിക്കും.
ആകയാല്‍, മന്ത്രിസഭയുടെ നായകൻ എന്ന നിലയിൽ അങ്ങയുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുന്ന ഈ അഴിമതിക്ക്, തീവെട്ടി കൊള്ളയ്ക്ക് മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങ് കൂട്ടുനില്‍ക്കരുതെന്നും നിലവിലെ ഉത്തരവ് പിന്‍വലിച്ച് ഓണക്കോടിക്കായുള്ള 1000 രൂപ ആദിവാസികളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാന്‍ വേണ്ടിയുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates