തിരുവനന്തപുരം: വാസ്തു എന്നത് പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വവും യുക്തിയും കൂടി ചേര്‍ന്നതാണെന്ന് പ്രമുഖ ആര്‍ക്കിടെക്റ്റും ഹാബിറ്റാറ്റ് സ്ഥാപകനുമായ ജി ശങ്കര്‍. വാസ്തുവിന്റെ ഏറ്റവും വലിയ ചലനാത്മക ഗുണം അത് ഭൂമിയുമായി പൊരുത്തപ്പെടുന്നു എന്നതാണ്. വാസ്തു പോലെ പരിസ്ഥിതി സംവേദനക്ഷമതയുള്ള മറ്റൊരു മെത്തഡോളജി ഉണ്ടോയെന്ന് അറിയില്ല. വാസ്തുവിന്റെ അന്തസത്ത മനസ്സിലാക്കാതെ, ആളുകള്‍ ബാഹ്യമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു എന്നത് ദുഃഖകരമാണെന്നും ശങ്കര്‍ അഭിപ്രായപ്പെട്ടു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജി ശങ്കര്‍. നമ്മുടെ ചുറ്റുപാടുകള്‍, സംസ്‌കാരം, കാലാവസ്ഥ എന്നിവയുമായി യോജിച്ചുകൊണ്ടുള്ള നിര്‍മ്മാണമാണ് വാസ്തു പറയുന്നത്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതാണ്. ഈയൊരു ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഐഡിയോളജിയാണിത്. പുരാതന വാസ്തുവിദ്യാ ഗ്രന്ഥങ്ങളില്‍ 'സൂത്രം', 'മര്‍മ്മം' എന്നൊക്കെയുള്ള ചില നിര്‍ദേശങ്ങളുണ്ടെന്നും ജി ശങ്കര്‍ പറഞ്ഞു.
ഇത് സാമാന്യ ബുദ്ധി കൂടിയാണ്. കാറ്റു വീശുന്ന സ്ഥലത്താണ് ജനല്‍ നിര്‍മ്മിക്കുന്നതെങ്കില്‍ കാറ്റിന് കടന്നു പോകാന്‍ വഴിയുണ്ടാകും. അതുവഴി അവിടെ കൂടുതല്‍ വായുസഞ്ചാരം ഉണ്ടാകും. അതുതന്നെയാണ് 'സൂത്രവും' 'മര്‍മ്മവും'. ഒരു നിര്‍മ്മിതിയുടെ ഉള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കാനുള്ള വഴികള്‍ തുറന്നുകൊടുക്കുക എന്നതാണ് വാസ്തു. ഇവയെല്ലാം വിശ്വാസങ്ങളുടെ രൂപത്തിലാണ് വിശദീകരിച്ചിരിക്കുന്നത്. ആ വിശ്വാസങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത മനസ്സിലാക്കാനാണ് തന്റെ ശ്രമം. ഈ വിശ്വാസങ്ങളെ കച്ചവടവല്‍ക്കരിക്കുന്ന പ്രവണതയോട് ശക്തമായ എതിര്‍പ്പുണ്ടെന്നും ജി ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പ്രത്യേക സ്ഥലത്തു നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന വിശ്വാസം പുലര്‍ത്തുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ആ സ്ഥലം പുണ്യമാണ്. എന്നാല്‍ മഹാരാഷ്ട്രയിലോ തമിഴ്‌നാട്ടിലോ പോയാല്‍ ഈ ആശയം തികച്ചും വ്യത്യസ്തമായിരിക്കും. ചിലര്‍ വടക്കു കിഴക്ക് ഭാഗത്താണ് തറക്കല്ലിടുന്നതെങ്കില്‍, മറ്റു ചിലര്‍ വടക്കു പടിഞ്ഞാറു ഭാഗത്താണ്. കെട്ടിടത്തിന്റെ മധ്യത്തില്‍ നിന്ന് നിര്‍മ്മാണം ആരംഭിക്കണമെന്ന് ഒരാള്‍ തന്നോട് പറഞ്ഞു. അത് ഓരോരുത്തരുടേയും വിശ്വാസമാണ്. അവന്റെ സന്തോഷവും സമാധാനവും അത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോരുത്തരുടേയും വിശ്വാസങ്ങളേയും കണക്കിലെടുക്കുക എന്നതാണ് തന്റെ ശൈലിയെന്നും ജി ശങ്കര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates