തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. അവര്‍ റെയ്ഡ് നടത്തുന്ന കാര്യവും റെയ്ഡ് കഴിഞ്ഞുപോകുന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. എന്നാല്‍ അവിടെ ഉചിതമായ നടപടി സ്വീകരിച്ച ആഭ്യന്തരമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഒരു അറിയിപ്പ് ലഭിക്കാഞ്ഞിട്ടും അവിടെ പൊലീസിനെ അയച്ച് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദി വിഡി ഡീലാണ് റെയ്‌ഡെന്ന സിപിഎം ആരോപണത്തെ സതീശന്‍ പരിഹസിച്ചു. താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന്‍ തമാശരൂപേണെ പറഞ്ഞു. മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു.
'ഞാന്‍ ആദ്യമായിട്ടാണ് നരേന്ദ്രമോദിയെ നേരില്‍ കാണുന്നത്... മുഖാമുഖം കാണുന്നത്. ഞാന്‍ ഉടനേതന്നെ പറഞ്ഞു, പിണറായി വിജയന്‍റെ വീട് ഒന്നു റെയ്ഡ് ചെയ്യണം, നാളെ...ഇഡിയെക്കൊണ്ട്. മോദി അപ്പോത്തന്നെ ഫോണെടുത്ത് കുത്തി. എന്നിട്ടുപറഞ്ഞു, നാളെ രാവിലെ... സതീശന്‍ വന്നിട്ട് ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞതാണ്. നാളെ രാവിലെ കംപ്ലീറ്റ് സ്ഥലത്തും റെയ്ഡ് ചെയ്യണം. അപ്പോ ഞാന്‍ പറഞ്ഞു, ഒരു സ്ഥലത്ത് പോര, 12 സ്ഥലത്ത് ചെയ്യണം. ങാ, സതീശന്‍ പറഞ്ഞേക്കുന്നത് 12 സ്ഥലത്ത് റെയ്ഡ് ചെയ്യാനാണ്... അങ്ങനെ 12 സ്ഥലത്ത് റെയ്ഡ് ചെയ്തു. ഇത് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വരെ വന്ന് പത്രക്കാരോട് പറയുകയാണ്. ഞാന്‍ ചിരിക്കണോ അതോ കരയണോ, ഇതുകേട്ടിട്ട്? നിങ്ങളൊന്നാലോചിക്ക്, നരേന്ദ്രമോദിയെ ആദ്യമായിട്ട് കണ്ട്, മുഖ്യമന്ത്രിയായിട്ട് കാണാന്‍ പോയപ്പോ, ഇവിടത്തെ പ്രതിപക്ഷനേതാവായിരിക്കുന്ന അദ്ദേഹത്തിന്‍റെ വീട് റെയ്ഡ് ചെയ്യണമെന്ന്...ഞാന്‍. പിണറായി വിജയന്‍ അങ്ങനെയൊന്നും പറയില്ല കേട്ടോ. എനിക്ക് അദ്ദേഹത്തെക്കുറിച്ച് എനിക്കൊരു റേറ്റിങ് ഉണ്ട്, എന്‍റെ ഉള്ളില്‍. അദ്ദേഹം അതൊന്നും പറയില്ല'-മുഖ്യമന്ത്രി പരിഹാസം തുടര്‍ന്നു.
ഈ സര്‍ക്കാര്‍ വന്ന ശേഷമുള്ള രണ്ടാമത്തെ തമാശയാണിതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'പ്രധാനമന്ത്രിയെ കണ്ടത് ഔപചാരിക കൂടിക്കാഴ്ചയാണ്. എനിക്ക് മുന്‍പുണ്ടായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മുഖ്യമന്ത്രിമാരും അവരുടെ സ്ഥാനമേറ്റുകഴിഞ്ഞാല്‍ അവിടെ ആരാണ് പ്രധാനമന്ത്രിയെങ്കിലും പോയി കാണുന്നതാണ് കീഴ്വഴക്കം. ഞാനും അത് ചെയ്തു. രണ്ടുപ്രാവശ്യവും മുന്‍മുഖ്യമന്ത്രി (പിണറായി വിജയന്‍) അത് ചെയ്തിട്ടുണ്ട്. സിപിഎമ്മുകാര്‍ തമാശ പറയുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പണ്ടേ ഈ കമ്യൂണിസ്റ്റുകാരെക്കുറിച്ച് ഒരു പരാതിയുണ്ട്. ബലംപിടുത്തം കൂടുതലാണ്, സ്റ്റിഫ് ആണെന്ന്. അതൊക്കെ അയഞ്ഞ് അവര്‍ തമാശപറയാന്‍ തുടങ്ങിയല്ലോ. അതില്‍ എനിക്കൊരു സന്തോഷമുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന് എത്തിയ സംഘത്തെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവയ്ക്കുന്നത് ശരിയാണോയെന്നും സതീശന്‍ ചോദിച്ചു. അത് അംഗീകരിക്കില്ല. വീണാ വിജയനെതിരെ തങ്ങള്‍ ഉന്നയിച്ച ആരോപണമാണ് എക്‌സാലോജിക് കേസ്. നാലുകൊല്ലം മുന്‍പുണ്ടായ കേസില്‍ സര്‍ക്കാര്‍ ഇറങ്ങുന്നതുവരെ കേന്ദ്ര ഏജന്‍സി ഒന്നും ചെയ്തിട്ടില്ല. അധികാരത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി തുടര്‍നടപടികള്‍ സ്വീകരിച്ചത്. റെയ്ഡിന് പിന്നാലെ പുറത്ത് ഇറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. മോദിയെയോ അമിത് ഷായെയോ കുറിച്ച് ഒന്നും പറഞ്ഞില്ല. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിനെ ആളെ വിട്ടതെന്നും സതീശന്‍ ചോദിച്ചു.. കേന്ദ്ര ഏജന്‍സികളെ കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ അത് വേണ്ടെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയുമോ?. രാഹുല്‍ ഗാന്ധിക്കെതിരായ കേസിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായാണ് നേരിട്ടത്. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ അതില്‍ സര്‍ക്കാര്‍ ഇടപെടും. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. അവിടെ ഗുരുതരമായ കുറ്റകൃത്യമാണ് ഉണ്ടായതെന്നും സതീശന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെയും സതീശന്‍ രംഗത്തെത്തി. ഒരു കാര്യത്തില്‍ മറുപടി പറയാനുള്ള തീരുമാനം തന്റെ അവകാശമാണ്. അതെങ്കിലും തനിക്ക് തരണം. ചോദിക്കുന്നതിനിടെ ഒരു മൈക്ക് തന്റെ മുഖത്ത് വന്നാണ് ഇടിച്ചത്. അപ്പോഴും ഒന്നും പറഞ്ഞില്ല. ഒരുവിഷയത്തില്‍ പഠിച്ചിട്ടേ പറയാവൂ എന്നതാണ് തന്റെ രീതി. താന്‍ ഒളിച്ചോടുന്ന ആളാണോയെന്നും സതീശന്‍ ചോദിച്ചു. . ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ മറുപടി പറയാനുള്ള അവകാശം തനിക്ക് തരണം. അത് ഒരു അപേക്ഷയാണ്. മൗനി ബാബയെന്നടക്കം മാധ്യമങ്ങള്‍ തന്നെ വിമര്‍ശിച്ചു. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായിയുടെ അടുത്തേക്ക് പോകാന്‍ പോലും കഴിയുമായിരുന്നോ?. അതുമായി തന്നെ താരതമ്യം ചെയ്യരുത്. താന്‍ മറുപടി പറയേണ്ട സമയം തീരുമാനിക്കേണ്ടത് താന്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates