കോഴിക്കോട്: വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്ക് അക്ഷരമധുരം പകര്‍ന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മലബാറിലെ അഞ്ച് ജില്ലകളില്‍ അക്ഷരമാലാ കാര്‍ഡുകള്‍ വിതരണം ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലും വിദ്യാരംഭ കേന്ദ്രങ്ങളിലുമാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്.
അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങളെ പരിചയപ്പെടുത്തുന്നതിനും പഠനത്തോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ സംരംഭം. വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിനെത്തിയ കുരുന്നുകള്‍ക്ക് അക്ഷരമാലാ കാര്‍ഡുകള്‍ കൗതുകവും സന്തോഷവും പകര്‍ന്നു.
വിവിധ ജില്ലകളില്‍ പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക്, മലപ്പുറത്ത് കേരള ഗ്രാമീണ്‍ ബാങ്ക്, വയനാട്ടില്‍ മെക്ലോഡ്സ് ഇംഗ്ലീഷ് സ്കൂള്‍, കണ്ണൂരില്‍ ജ്യോതിസ് ഐ ഹോസ്പിറ്റല്‍, കാസര്‍കോട് സ്വാമി രാമദാസ് സ്മാരക സരസ്വതി വിദ്യാമന്ദിര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു വിതരണം.
കോഴിക്കോട്ട് വളയനാട് ക്ഷേത്രത്തില്‍ വിതരണം
കോഴിക്കോട്ട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെ വളയനാട് ദേവി ക്ഷേത്രത്തില്‍ അക്ഷരമാലാ കാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ഷേത്ര തന്ത്രിമാരായ ശങ്കരന് മൂസത്, കൃഷ്ണന് മൂസത് എന്നിവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി കൃഷ്ണന് മൂസത് നിര്‍വഹിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ചീഫ് മാനേജര്‍ വി. സുരേഷ്, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് മാര്‍ക്കറ്റിങ് മാനേജര്‍ ഇ.അ. രാജീവ്, സീനിയര്‍ സെയില്‍സ് ഓഫീസര്‍ എം. ഷിന്‍ജു എന്നിവര്‍ പങ്കെടുത്തു.
മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഡ് വിതരണം
കേരള ഗ്രാമീണ്‍ ബാങ്കും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസും സംയുക്തമായി പുറത്തിറക്കിയ അക്ഷരമാലാ കാര്‍ഡിന്റെ മലപ്പുറം ജില്ലാതല വിതരണോദ്ഘാടനം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്നു. എഴുത്തുകാരന് കെ.പി. രാമനുണ്ണി, ഷനില്അനഘ ദമ്പതികളുടെ മകള്‍ അനൈഷയ്ക്ക് കാര്‍ഡ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ശ്രീകുമാര്‍, കുറുക്കോളി മൊയ്തീന് എം.എല്‍.എ., മുന്‍ എം.പി. സി. ഹരിദാസ്, ആലങ്കോട് ലീലാകൃഷ്ണന്, പി.കെ. ഗോപി എന്നിവര്‍ കാര്‍ഡ് വിതരണത്തില്‍ പങ്കാളികളായി.
മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സനല്‍ കാര്‍ഡ് കൈമാറി. കോട്ടക്കല്‍ ഇന്ത്യനൂര്‍ മഹാഗണപതി ക്ഷേത്രം, കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലും അക്ഷരമാലാ കാര്‍ഡുകള്‍ വിതരണം ചെയ്തു.
വയനാട്ടില്‍ അഞ്ഞൂറോളം കുരുന്നുകള്‍ക്ക് വിദ്യാരംഭം
വിജയദശമി ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ അഞ്ഞൂറോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.പി. മോഹന്‍ദാസ്, മെക്ലോഡ്സ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഗംഗാധരന് മാസ്റ്റര്‍, ഇന്ദിര ടീച്ചര്‍, രാമകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കി. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം മെക്ലോഡ്സ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഗംഗാധരന് മാസ്റ്റര്‍ നിര്‍വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, വൈസ് പ്രസിഡന്റ് കെ.ജി. അശോകന്, ജനറല്‍ സെക്രട്ടറി സുരേന്ദ്രന്, ക്ഷേത്ര എക്സിക്യൂട്ടീവ് അംഗങ്ങളായ വാസു, പ്രസന്നകുമാര്‍, രാജശേഖരന്, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സീനിയര്‍ സെയില്‍സ് ഓഫീസര്‍മാരായ രഞ്ജിത്ത് എന്‍.ആര്., ശരത്ത് പി.ജി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസും മെക്ലോഡ്സ് സ്കൂളും സംയുക്തമായി വയനാട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിനെത്തിയ കുട്ടികള്‍ക്ക് അക്ഷരമാലാ കാര്‍ഡുകള്‍ വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി മാരിയമ്മന്‍ കോവിലില്‍ മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തങ്കമണി ടീച്ചര്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. പൊന്‍കുഴി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ റിട്ട. ഹെഡ്മാസ്റ്റര് അനില്‍കുമാര്‍ പി.എം. ഉദ്ഘാടനം നിര്‍വഹിച്ചു.
അമ്പലവയല്‍ മഹാശിവക്ഷേത്രത്തില്‍ റിട്ട. അധ്യാപിക സാവിത്രി ടീച്ചറും അമ്പലവയല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ആര്.എ.ആര്.എസ്. അസോസിയേറ്റ് ഡയറക്ടര്‍ ഡോ. യാമിനി വര്‍മ്മയും കാര്‍ഡ് വിതരണം നടത്തി. മലവയല്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ റിട്ട. ഹെഡ്മാസ്റ്റര് ദേവയാനി ടീച്ചറും കോളേരി ശ്രീ ഷണ്മുഖസ്വാമി ക്ഷേത്രത്തില്‍ മുരളീധരന് മാസ്റ്ററും വിതരണത്തിന് നേതൃത്വം നല്കി.
പൂതാടി ശ്രീ സരസ്വതി ക്ഷേത്രം, വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം, പുല്‍പ്പള്ളി ശ്രീ സീതാദേവി ലവകുശ ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭത്തിനെത്തിയ കുട്ടികള്‍ക്ക് അക്ഷരമാലാ കാര്‍ഡുകള്‍ നല്കി.
വിജയദശമിയുടെ അക്ഷരപ്പുലരിയില് മലബാറിലെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഈ സംരംഭം, പഠനത്തിന്റെ ആദ്യപടിയിലേക്ക് കടക്കുന്ന കുരുന്നുകള്‍ക്ക് അക്ഷരങ്ങളോടുള്ള ഇഷ്ടം വളര്‍ത്തുന്നതിനുള്ള വേറിട്ടൊരു സമ്മാനമായി ശ്രദ്ധേയമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates