തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് നല്‍കിയ ഹോട്ടലിന്റെ പരസ്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം പാടില്ലെന്ന് കേരള പൊലീസ്. പരസ്യചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിന് പ്രസ്തുത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നവരെ ഉടനടി കണ്ടെത്തുന്നതിനായി സൈബര്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വിഷുദിന ആശംസ പങ്കുവച്ച മന്തിക്കടയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമകളിലൊരാളായ ഹര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates