തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് വി എസിന്റെ മരണത്തോടെ തിരശ്ശീല വീണതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം ഉയര്‍ത്തിപ്പിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂര്‍ത്തികരണത്തിനായി നടത്തിയ ഇടപെടലുകളും കാലാതിവര്‍ത്തിയായി നിലകൊള്ളും. അദ്ദേഹം തലമുറകള്‍ക്ക് പ്രചോദനമാണ്. മുഖ്യമന്ത്രി ചരമോപചാര പ്രസംഗത്തില്‍ പറഞ്ഞു.
പൊതുപ്രവര്‍ത്തകന്‍ എന്നതിലുപരി, കേരള ചരിത്രത്തിലെ പല സുപ്രധാന ഏടുകളെയും വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണ് വി എസ് അച്യുതാനന്ദന്‍. സാമ്രാജ്യത്വ വിരുദ്ധ ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തെ, നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തെ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാരംഭ ഘട്ടത്തെയെല്ലാം വര്‍ത്തമനകാലവുമായി ബന്ധിപ്പിച്ചിരുന്ന എ എസ് എന്ന കണ്ണി അറ്റുപോയിരിക്കുന്നു. അത് കേരളത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ്.
ഒരു നൂറ്റാണ്ടോളം കാലം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കുക, ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രശ്‌ന പരിഹാരങ്ങള്‍ക്കായി നിലകൊള്ളുക. ഇത്തരത്തില്‍ ചെയ്ത അപൂര്‍വം നേതാക്കളേ ലോക ചരിത്രത്തില്‍ തന്നെ ഉണ്ടാകുകയുള്ളൂ. ആ നിരയിലാണ് വിഎസിന്റെ സ്ഥാനം. പല നിലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. പുന്നപ്ര വയലാര്‍ പ്രക്ഷോഭവുമായി അഭേദ്യമായി ചേര്‍ന്നു കിടക്കുന്നതാണത്. ഒരു സാധാരണ തൊഴിലാളിയില്‍ നിന്നും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയതിന് പിന്നില്‍ സഹനത്തിന്റെയും യാതനയുടേയും അതിജീവനത്തിന്റേയും നിരവധിയായ ഏടുകളുണ്ട്. തുടക്കത്തില്‍ ജനകീയ പോരാട്ടങ്ങളുടെ സമരനായകന്‍ ആയിരുന്നെങ്കില്‍ അവസാനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഭരണത്തെ ജനകീയമായി പരിഷ്‌കരിക്കുന്നതിനുള്ള നായകത്വവും അദ്ദേഹം വഹിച്ചു.
മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ ജനോന്മുഖവും അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് വഴിതെളിക്കുന്നതുമായ എത്രയോ നടപടികള്‍ക്ക് വി എസ് നേതൃത്വം നല്‍കി. കേവല രാഷ്ട്രീയത്തിന് അപ്പുറം, പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീ സമത്വം തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ അദ്ദേഹം വ്യാപരിച്ചു. അതിന് സിപിഎം അകമഴിഞ്ഞ പിന്തുണയാണ് വിഎസിന് നല്‍കിയത്. ആ പ്രക്രിയയിലാണ് പാര്‍ട്ടി നേതാവായിരിക്കെ തന്നെ പൊതുസമൂഹത്തിനാകെ തന്നെ സ്വീകാര്യമാകുന്ന തലത്തിലേക്ക് വിഎസിന്റെ രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പരിസ്ഥിതി അടക്കമുള്ള കാര്യങ്ങളെ കൂടി കൊണ്ടു വരുന്നതില്‍ വിഎസിന്റെ പങ്ക് അവിസ്മരണീയമാണ്. മുഖ്യമന്ത്രി അനുസ്മരിച്ചു.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, മുന്‍ പ്രതിപക്ഷ നേതാവ്, സ്വാതന്ത്ര്യ സമര സേനാനി എന്നിവയ്ക്ക് പുറമെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അതുല്യനായ നേതാവു കൂടിയാണ് വി എസ് അച്യുതാനന്ദനെന്ന് സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു. ഏഴു തവണ വി എസ് നിയമസഭാംഗമായിരുന്നു. സിപിഎം പിബി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ ഇടതുപക്ഷത്തിന്റെ ജനകീയമുഖമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വിഎസ് എന്ന രണ്ടക്ഷരം നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. സ്പീക്കര്‍ ഷംസീര്‍ അനുസ്മരിച്ചു.
1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു കൊണ്ട് വിഎസ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. 1940 ല്‍ 17-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഎസിന് അംഗത്വം നല്‍കിയത് പി കൃഷ്ണപിള്ളയാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ അനീതിക്കും അസമത്വത്തിനുമെതിരെ കലഹിച്ച വി എസ്, സ്വാതന്ത്ര്യ സമരം, പുന്നപ്ര വയലാര്‍ സമരം, മറ്റ്് വിവിധ പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ പങ്കെടുത്തതിനും അടിയന്തരാവസ്ഥയെ എതിര്‍ത്തതിനും ആകെ അഞ്ചു വര്‍ഷവും ആറു മാസവും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. സിപിഎം പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാലര വര്‍ഷത്തോളം ഒളിവില്‍ താമസിച്ച് പ്രവര്‍ത്തിച്ചിരുന്നു.
പുന്നപ്ര വയലാര്‍ സമരകാലത്ത് വൊളണ്ടിയറായും നേതൃതലത്തിലും പ്രവര്‍ത്തിക്കുമ്പോള്‍ പൊലീസ് പിടിയിലാകുകയും കൊടിയ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാകുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തിരുന്നുവെന്നും ഷംസീര്‍ അനുസ്മരിച്ചു. വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍ നിയമസഭയിലെ സന്ദര്‍ശക ഗാലറിയില്‍ സന്നിഹിതനായിരുന്നു. അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍, മുന്‍മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി പി തങ്കച്ചനും നിയമസഭ ചരമോപചാരം അര്‍പ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates