വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ കോടതിയില്‍ തെളിവായി അംഗീകരിക്കുമോ? സമീപകാലത്തായി വരുന്ന പല വിവാദങ്ങളും വാര്‍ത്തകളും ഈ ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് അടിവരയിടുന്നു. ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത് വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ കോടതിയില്‍ തെളിവായി സ്വീകരിക്കാമെന്നാണ്, ഇതിന്റെ നിയമവശങ്ങള്‍ എന്താണെന്ന് അറിഞ്ഞാലോ?
2023ലെ ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) സെക്ഷന്‍ 63 പ്രകാരം ഇലക്ട്രോണിക് രൂപത്തില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്നതോ കോപി ചെയ്തതോ റെക്കോര്‍ഡ് ചെയ്യുന്നതോ/ഒരു കംപ്യൂട്ടറോ ഏതെങ്കിലും ആശയവിനിമയ ഉപകരണമോ വഴി ഉണ്ടാകുന്നതോ ആയ ഏതൊരു വിവരവും ഇലക്ട്രോണിക് റെക്കോര്‍ഡ് ആയി കണക്കാക്കപ്പെടും. പക്ഷേ, അതോടൊപ്പം ചില നിബന്ധനകള്‍ കൂടി നിയമം പറയുന്നുണ്ട്. ഇത് കൃത്യമായി മനസിലാക്കേണ്ടതുണ്ട്.
കോടതി പരിഗണിക്കുന്ന കാര്യങ്ങള്‍
ഈ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തിരിക്കുന്നത് അയാള്‍ സ്ഥിരമായി ഉപയോഗിക്കുന്നതോ നിയമപരമായി ഉപയോഗിക്കുന്നതിന് അയാള്‍ക്ക് അവകാശമുള്ളതുമായ ഉപകരണം ഉപയോഗിച്ചാണോ?
ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ ഒരു സ്വാഭാവിക സംഭാഷണത്തിന്റെ ഭാഗമായുള്ളതാണോ? അതായത് ഒരു ലിറ്റിഗേഷനെ മുന്നില്‍ കണ്ടുകൊണ്ട് മനഃപൂര്‍വം സൃഷ്ടിച്ചവയാണോ എന്നൊക്കെ കൃത്യമായി മനസിലാക്കും.
സെക്ഷന്‍ 63 പ്രകാരം സര്‍ട്ടിഫിക്കേഷന്‍ ഉണ്ടോ എന്ന് നോക്കും. സെക്ഷന്‍ 63 പ്രകാരം വളരെ പ്രാധാന്യമുള്ളതും മിക്കവാറും സാഹചര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതുമാണ് സര്‍ട്ടിഫിക്കേഷന്‍ എന്നു പറയുന്നത്. സ്‌ക്രീന്‍ഷോട്ട് എങ്ങനെ നിയമിച്ചു, ഏത് ഉപകരണം ഉപയോഗിച്ചു, നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ ഇതൊക്കെ വിശദീകരിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായിട്ടുണ്ട്.
അന്‍വര്‍ പി വി വേഴ്‌സസ് പി കെ ബഷീര്‍ (2014) കേസില്‍ കംപ്യൂട്ടറുകള്‍, സിഡികള്‍, മൊബൈല്‍ ഫോണുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ കോടതിയില്‍ എങ്ങനെ തെളിവായി സമര്‍പ്പിക്കാമെന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ പരമാവധി ഈ നിയമം കര്‍ശനമായി പ്രയോഗിക്കാറുണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ സിവില്‍ കേസുകളില്‍ പലപ്പോഴും പ്രായോഗികതയാണ് കോടതി പരിഗണിക്കുക. സ്‌ക്രീന്‍ ഷോട്ടുകള്‍ പലപ്പോഴും അംഗീകരിക്കുകയും തര്‍ക്കങ്ങളുണ്ടായാല്‍ അത് കേസിന്റെ അവസാന ഘട്ടം പരിഗണിക്കുകയും ചെയ്യുന്നു. കുടുംബക്കോടതികളിലും ജാമ്യ ഘട്ടങ്ങളിലുമൊക്കെ ചിലപ്പോള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ തെളിവുകളായി അംഗീകരിച്ചേക്കാം.
അന്തിമ തെളിവിന് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെങ്കിലും പരിമിതമായ ആവശ്യങ്ങള്‍ക്ക് പ്രാഥമിക ഘട്ടങ്ങളില്‍ കോടതികള്‍ക്ക് ഇലക്ട്രോണിക് വസ്തുക്കള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അര്‍ജുന്‍ പണ്ഡിറ്റ് റാവു വേഴ്‌സസ് കൈലാഷ് കുഷന്റാവു കേസില്‍ വിധിച്ചിട്ടുണ്ട്.
കോടതിയില്‍ ഒരു കാര്യം തെളിവായി നല്‍കുന്നതിന് മുമ്പ് വ്യക്തമായി മനസിലാക്കേണ്ട കാര്യം, ഒരു സ്‌ക്രീന്‍ഷോട്ട് മാത്രം കൊണ്ട് കോടതിയില്‍ അത് ആരാണ് അയച്ചതെന്ന് തെളിയിക്കാനാവില്ല. ഒരു പ്രത്യേക വ്യക്തിയാണ് ആ സന്ദേശം അയച്ചതെന്ന് ആരോപിക്കുന്നുവെങ്കില്‍ അവിടെ ഭാരതീയ സാക്ഷ്യ അധിനിയം നിയമത്തിലെ സെക്ഷന്‍ 65 പരാമര്‍ശിക്കപ്പെട്ടേക്കാം. അങ്ങനെ വന്നാല്‍ ആ സന്ദേശം ആരോപിക്കപ്പെട്ട വ്യക്തിയുമായി എങ്ങനെ ബന്ധിക്കാമെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിക്കുന്ന ആളിനാണ്.
ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടറിന്റെ നിയന്ത്രണം ആരാണ്, അല്ലെങ്കില്‍ സന്ദേശം അയച്ച അക്കൗണ്ടിന്റെ നിയന്ത്രണം ആരുടെ കൈയിലായിരുന്നു, ആരോപണം തെളിയിക്കാന്‍ സഹായിക്കുന്ന മറ്റ് തെളിവുകള്‍ ഏതൊക്കെ എന്ന് തെളിയിക്കേണ്ടതുണ്ട്.
സ്‌ക്രീന്‍ഷോട്ട് എടുത്ത ഉപകരണം കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. സ്‌ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്യുകയോ ക്രോപ്പ് ചെയ്യുകയോ ചെയ്യരുത്. തീയതി, സമയം, അയച്ച ആളുടെ വിവരങ്ങള്‍ എന്നിവ തെളിവായി നല്‍കേണ്ടതുണ്ട്. കോടതിയില്‍ ഈ സ്‌ക്രീന്‍ഷോട്ട് പ്രകാരം നിങ്ങള്‍ എന്താണോ തെളിയിക്കാൻ ശ്രമിക്കുന്നത് എന്നതുപോലെ തന്നെ പ്രധാനമാണ് സ്‌ക്രീന്‍ഷോട്ട് എങ്ങനെയാണ് ഉണ്ടാക്കിയതെന്നതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates