Rahul Mamkoottathil, shahanas facebook
Kerala

'രാഹുലിനെ പ്രസിഡന്റാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്റെ അഭ്യര്‍ഥന ഷാഫി പുച്ഛിച്ചു തള്ളി'; യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ കുറിപ്പ്

ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന്.... നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടാവണമെങ്കില്‍ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിനോട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി. ഇവനെ പോലെയുള്ള ആളുകളെ പ്രസിഡന്റ് ആക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ഷാഫിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെന്ന് ഷഹനാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ഒരു പരാതി ഉയര്‍ന്നു വരുമ്പോള്‍ എനിക്ക് മനസാക്ഷി കുത്തൊന്നും ഇല്ല. കാരണമെന്താണെന്ന് അറിയാമോ? പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു എന്ന സമാധാനം ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി രാഹുല്‍ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോള്‍ ബഹുമാനപ്പെട്ട അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പില്‍ എം.എല്‍.എ യോട് ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട് (തെളിവ് ഉണ്ട് )ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന്.... നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടാവണമെങ്കില്‍ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പറയാന്‍ ഉള്ളത് പറഞ്ഞില്ല എന്നുള്ള വേവലാതിയോ കുറ്റബോധമോഒന്നും ഈ നിമിഷവും ഇല്ല.ഇന്നും പരാതി ആയിട്ട് വന്നിട്ടുള്ളത് 23 വയസ്സ് ഉള്ള പെണ്‍കുട്ടിയാണ് ആര്‍ക്കെങ്കിലും വേദന തോന്നുന്നുണ്ടോ? ഉണ്ടാവില്ല......എനിക്ക് തോന്നുന്നുണ്ട് കാരണം എന്റെ മകള്‍ക്ക് 21 വയസ്സാണ്...

അതുണ്ടാവേണ്ടവര്‍ക്ക് അതുണ്ടോ എന്ന് ഒരു തോന്നലും ഇല്ല. കാരണം പീഡിപ്പിക്കപ്പെട്ടത് സ്വന്തം മകളോ ഭാര്യയോ അമ്മയോ സഹോദരിയോ ഒന്നുമല്ലല്ലോ എവിടെയോ കിടക്കുന്ന ഒരു പെണ്ണ്. പ്രസംഗിക്കാന്‍ മാത്രമേ ഇവര് സ്ത്രീപക്ഷം പറയൂ.... ആ അഭിനയം ഒക്കെ കാണാന്‍ വിധിച്ചിട്ടുള്ള ഹതഭാഗ്യരാണ് നമ്മളൊക്കെ അത് ഏത് രാഷ്ട്രീയമായാലും... അല്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടം എന്ന എം.എല്‍. എയെ പിടികൂടാന്‍ സാധിക്കാത്ത ഒരു പോലീസ് സംവിധാനമാണോ കേരളത്തിലുള്ളത്?

അല്ലെങ്കിലും വേട്ടനായ്ക്കള്‍ എല്ലാ കാലത്തും ആഘോഷിക്കപ്പെടും ഇരകള്‍ എന്നും നിങ്ങള്‍ക്ക് മുന്നിലൊക്കെ നരകിച്ചു ജീവിച്ചു മരിക്കും. നിങ്ങള്‍ പറയുന്ന അപമാന വാക്കുകളാല്‍ അവര്‍ പുളയും....അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ആയാലും ഏത് മേഖലയില്‍ ഉള്ളവന്‍ ആയാലും....

വേട്ടപ്പട്ടികള്‍ക്ക് ഒരു വിചാരമുണ്ട് അതായത് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ പിന്നീട് അവരുടെ തന്ത്രം എന്താണെന്ന് വെച്ചാല്‍ ബാക്കിയുള്ള സ്ത്രീകളെ ചടങ്ങുകളില്‍ വിളിക്കുക പരസ്യമായി കെട്ടിപ്പിടിക്കുക എന്നിട്ട് സ്വയം അങ്ങ് ആനന്ദിക്കുക. അതായത് ആ വേട്ടപ്പട്ടിയുടെ തോന്നല്‍ ആണ്. കണ്ടോ കണ്ടോ ഞാന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ഈ സ്ത്രീകള്‍ക്ക് ഒന്നും ഒരു കുഴപ്പവും സംഭവിച്ചില്ലല്ലോ പിന്നെ നീയൊക്കെ എവിടുന്നാ വന്നു പീഡിപ്പിച്ചു എന്ന് പറഞ്ഞു കുരയ്ക്കുന്നത് എന്ന്....നിനക്ക് ഒക്കെ എവിടെയാ തേഞ്ഞു പോയത് എന്ന്.... എന്നിട്ട് അവരെ ചുവപ്പും ചുവപ്പും വസ്ത്രമൊക്കെ അണിഞ്ഞ് ഇരയായ പെണ്ണിന്റെ മുന്നില്‍ വന്നു കൊഞ്ഞനം കുത്തിക്കൊണ്ടേയിരിക്കും...ശ അനുഭവം കൊണ്ട് പറയാണ് നല്ല വേദനയാണ് ഇതിനൊക്കെ നിന്ന് കൊടുക്കുന്ന പെണ്ണുങ്ങള്‍ക്ക് ഒരു വിചാരം ഉണ്ട് നിങ്ങള്‍ ഒരു പുരുഷനെ മഹാന്‍ ആക്കിയെന്ന്... തോന്നലാണ്....നിങ്ങളെ ഗതികേട് കൊണ്ടു ഈ പുകഴ്ത്തി പറയുന്ന അണികളുടെ ഉള്ളില്‍ പോലും നിങ്ങളോട് പുച്ഛമായിരിക്കും...

ഒരു പെണ്ണ് ഇരയാക്കപ്പെടുമ്പോള്‍

ആ പെണ്ണിന് ഒപ്പം മുന്നോട്ടു വരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു ആളാണ് ഞാന്‍. കാരണം കോണ്‍ഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകള്‍ക്കൊപ്പം ആണ് ഞാന്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ കോണ്‍ഗ്രസിലെ ഒരുപാട് നേതാക്കന്മാര്‍ എന്നെ ചോദ്യം ചെയ്തു സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാന്‍ അല്ലേ എന്ന് ചോദിച്ചു കൊണ്ട്....എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ് . അത് നിങ്ങള്‍ ചുറ്റിനും കൂടി നിന്ന് എന്നെ ആക്രമിച്ചാല്‍ പോലും...

ഇവന്റെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്ന്, ഇവനൊക്കെ ഒരു സ്ത്രീയെ എന്തൊക്കെ പറയും എന്നും, എന്തൊക്കെ ചെയ്യുമെന്നും. ഉത്തമ ബോധ്യമുള്ള മറ്റൊരു സ്ത്രീ തന്നെയാണ് ഞാന്‍ അതുകൊണ്ട് ഇരയാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ഒപ്പം തന്നെയാണ് ഞാന്‍ എന്നും....നാലു വെള്ള നിറത്തില്‍ ഉള്ള ലവ് ഇട്ടത് അല്ല ഇവിടുത്തെ ഒന്നും പ്രശ്‌നം എന്നിട്ട് കവല പ്രസംഗം നടത്തുകയാണ് ഇവളൊക്കെ ഞാന്‍ ചാറ്റ് ചെയ്യുന്ന സ്ത്രീകള്‍ ആണെന്ന്...അതാണ് ഇവിടുത്തെ പ്രശ്‌നം...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ അധികാരങ്ങളും ആസ്വദിച്ചവനാണ് ശ്രീ രാഹുല്‍ മാങ്കൂട്ടം എന്നിട്ട് ഇന്ന് പാര്‍ട്ടിയെ അതും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വക്കത്ത് എത്തി നില്‍ക്കുമ്പോള്‍ ഇരുട്ടിലാക്കിയ മഹാന്‍ കൂടിയാണ് എന്ന് നിങ്ങള്‍ അണികള്‍ ഓര്‍ക്കണം. നിങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇരകള്‍ എന്നു പറഞ്ഞു വരുന്ന മുഴുവന്‍ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ഒരു ക്രിമിനല്‍ ആയിട്ടുള്ള വ്യക്തിക്ക് വേണ്ടിയിട്ടാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശ്രീ രാഹുല്‍ മാങ്കൂട്ടം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് എന്ന ഗതികേട് കൂടി മനസ്സിലാക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്....ഇന്ന് പാര്‍ട്ടിക്ക് കളങ്കം വരുത്തിയത് നിങ്ങള്‍ ആഘോഷം ആക്കുന്ന രാഹുല്‍ മാങ്കൂട്ടം തന്നെയാണ്. അതിന് അയാളുടെ കൂടെ നില്‍ക്കുന്ന മഹാന്മാര്‍ മഹതികള്‍ ഒക്കെ ആരാണ് എന്ന് ഉറച്ച ധാരണ ഉണ്ട്.... ഇന്നും 23 വയസ്സ് ഉള്ള പെണ്‍കുട്ടിയാണ് പരാതിയുമായി വന്നിരിക്കുന്നത് നിങ്ങള്‍ക്ക് അപമാനിക്കാന്‍ ഒരു ഇര കൂടെ ആയെന്ന് സാരം... നിങ്ങള്‍ അപമാനിക്കുന്നത് അനുസരിച്ചു ഇരകളായ ഓരോ പെണ്ണും പുറത്തു വരും....ശക്തമായി തന്നെ...

ദയനീയത എന്താണ് എന്ന് അറിയുമോ എന്റെ നാടായ ഈ നാട്ടിലെ ഒരു ഇരയായ ഒരു പെണ്ണ് കൂടെ ആണ് ഞാന്‍... ഞാന്‍ വിശ്വസിക്കുന്ന പ്രവര്‍ത്തിക്കുന്ന എന്റെ കോണ്‍ഗ്രസ് പ്രസ്ഥാനം എന്നെ അപമാനിച്ചിട്ടേ ഉള്ളു.... എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോഴിക്കോട് കോണ്‍ഗ്രസ് ന്റെ പ്രധാന പരിപാടിയില്‍ പങ്കെടുപ്പിക്കുകയും പിന്നീട് അതിന് എതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍ ഡിസിസി അധ്യക്ഷന്‍ ഡിസിസി സെക്രട്ടറിയെ ആ വേട്ടപ്പട്ടിയുടെ വക്കീല്‍ ആക്കി കൊടുക്കുകയും പിന്നീട് ഇപ്പോള്‍ ആ വക്കീലിനെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഡിസിസി ട്രഷറര്‍ ആക്കുകയും ചെയ്ത ആളാണ്.... എന്നിട്ടും ഇരയായ ആ ഡിസിസി ഓഫീസില്‍ പോകുന്ന എന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു....

കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ആയ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, രാജ്മോഹന്‍ ഉണ്ണിത്താന്‍. വ്യക്തമായ ധാരണയോട് കൂടെ അന്ന് മുതല്‍ ഇന്ന് വരെ രാഹുല്‍ മാങ്കൂട്ടത്തെ എതിര്‍ത്ത് മാറ്റി നിര്‍ത്തിയവര്‍ ആണ് അവരോട് ഉള്ള ബഹുമാനം കൂടിയിട്ടേ ഉള്ളു...എന്നാല്‍ അവര്‍ക്ക് എതിരാളി ആയത് കൊണ്ടു ആണ് അവനെ ഒതുക്കിയത് എന്ന് പറയുന്ന വെട്ടുക്കിളി ഫാന്‍സിനോട് അവര്‍ക്കൊന്നും ഇവന്‍ ഒരു ഇരയെ അല്ല എന്ന് മനസ്സിലാക്കുക....

പിന്നെയും കോണ്‍ഗ്രസ്സില്‍ ഗതികെട്ട് നില്‍ക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാല്‍ വീട്ടിലെ അരി വേവാന്‍ അല്ല... ഇവരുടെ ഒന്നും തറവാട് സ്വത്ത് അല്ല കോണ്‍ഗ്രസ് എന്നുള്ളത് കൊണ്ടാണ്...പിന്നെ രാഹുല്‍ മാങ്കൂട്ടം അധികാരം ഉപയോഗിച്ച് നടത്തിയ പീഡനങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഉത്തരം പറയേണ്ടത് ഇല്ല എന്നാണ് വിശ്വസിക്കുന്നത് മറിച്ചു ഒരു പീഡകനു വേണ്ടി അണികള്‍ പാര്‍ട്ടിയെയും നേതാക്കന്മാരെയും കളങ്കപെടുത്തരുത്...

ഇനിയും ഞാന്‍ എഴുതും...ഇവിടെ തന്നെ ഉണ്ടാവും.... തുറന്നു എഴുതാന്‍ തന്നെയാണ് തൂലിക പടവാള്‍ ആക്കിയത്.... മറക്കണ്ട ആരും..

Youth Congress woman leader criticizes Shafi in Rahul Mangkootathil case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

SCROLL FOR NEXT