Kerala

അഞ്ച് വര്‍ഷത്തിനിടെ 1035 വിധികള്‍ ; റെക്കോഡുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു

ആയിരത്തിലേറെ വിധി പ്രസ്താവിച്ച പത്താമത്തെ സുപ്രിംകോടതി ജഡ്ജിയെന്ന റെക്കോഡാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആയിരത്തിലേറെ വിധിന്യായങ്ങളുടെ ഉടമയെന്ന റെക്കോഡുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു. സുപ്രിംകോടതി ജഡ്ജിയായിരിക്കെ, ആയിരത്തിലേറെ വിധി പ്രസ്താവിച്ച പത്താമത്തെ ജഡ്ജിയെന്ന റെക്കോഡാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വന്തമാക്കിയത്. അഞ്ചുവര്‍ഷത്തെ കാലയളവില്‍ 1035 വിധിന്യായങ്ങളാണ് അദ്ദേഹം പ്രസ്താവിച്ചത്.  ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യമലയാളി ജസ്റ്റിസ് കൂടിയാണ് ഇദ്ദേഹം. 

2013 മാര്‍ച്ച് എട്ടിനാണ് അദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായി നിയമിതനായത്. സുപ്രിം കോടതിയില്‍ അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട സേവന കാലാവധിക്കിടെയാണ് ഇത്രയുമധികം വിധി ന്യായങ്ങള്‍ അദ്ദേഹം എഴുതിയത്. മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം 29 ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രിംകോടതി ജഡ്ജി പദവിയില്‍ നിന്ന് വിരമിക്കുകയാണ്. 

ആയിരത്തിലേറെ വിധി പുറപ്പെടുവിച്ച, പട്ടികയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനേക്കാള്‍ മുന്നിലുള്ള ജഡ്ജിമാര്‍ ഇവരാണ്. 

ഒമ്പത് വര്‍ഷത്തോളം നീണ്ട കാലയളവില്‍ 2692 വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അരിജിത് പാസായത്താണ് പട്ടികയില്‍ മുന്നില്‍. 2001 മുതല്‍ 2009 വരെയായിരുന്നു പസായത്ത് സുപ്രിംകോടതിയില്‍ ജഡ്ജിയായിരുന്നത്. കെ രാമസ്വാമി (2252), എസ് ബി സിന്‍ഹ (2202), ജെ സി ഷാ (1881), ജി ബി പട്‌നായിക് (1338), പി ബി ഗജേന്ദ്രഗഡ്കര്‍ (1212), കെ എന്‍ വാന്‍ചൂ (1210), പി. സദാശിവം (1145), എം.ഹിദായത്തുള്ള (1097) എന്നിവരാണ് പട്ടികയില്‍ യഥാക്രമം രണ്ടു മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളിലുള്ളത്. നിലവില്‍ കേരള ഗവര്‍ണറായ ജസ്റ്റിസ് പി സദാശിവം,  2007 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് 1145 വിധികള്‍ പുറപ്പെടുവിച്ചത്. 

എറണാകുളം കാലടി താന്നിപ്പുഴ മാണിക്കത്ത് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകനായ കുര്യന്‍ ജോസഫ്, 2000 ലാണ് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. 2010 ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 മാര്‍ച്ച് എട്ടിനാണ്  കുര്യന്‍ ജോസഫിന് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT