Kerala

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചതില്‍ തെറ്റില്ല; പാക്കിസ്ഥാനെ ന്യായീകരിച്ച് ശശി തരൂര്‍; പ്രതിഷേധം

അഭിനന്ദന്‍ വര്‍ധമാന്‍ നെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പരസ്പരമുള്ള കളിയാക്കലിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ശശി തരൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിയിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്‌. ഇന്ത്യന്‍ ജനത രാജ്യത്തിന്റെ അഭിമാനമായി കാണുന്ന അഭിനന്ദനെ അപമാനിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് പാക്കിസ്ഥാനെ ന്യായീകരിച്ച് തരൂര്‍ രംഗത്തെത്തിയത്. 

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചായിരുന്നു പാക്ക് ടിവി പരസ്യം. ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മല്‍സരത്തിനു മുന്നോടിയായി നല്‍കിയ പരസ്യത്തിലാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദനെ പരിഹസിക്കുന്നത്. ഇന്ത്യ-പാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകള്‍ ചാനലുകളില്‍ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് വിമര്‍ശനം.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്റെ വിഡിയോ രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യുന്ന പാക്ക് സൈനികര്‍ക്കൊപ്പം അഭിനന്ദന്‍ ചായ കുടിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇതിന്റെ വികലമായ അനുകരണമാണ് പരസ്യം.പാക്കിസ്ഥാന്‍ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്‌തെങ്കിലും ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. 'ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല' എന്നാണ് പല ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കിയത്. ഈ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇത് അനുകരിച്ചാണ് പാക്ക് ചാനലിന്റെ പരസ്യം. അഭിനന്ദന്‍ വര്‍ധമാനെപ്പോലെ തോന്നിക്കുന്ന  ഒരാളാണ് ദൃശ്യത്തില്‍. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ദൃശ്യത്തിലില്ലാത്ത ഒരാള്‍ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും 'ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല' എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാള്‍ നല്‍കുന്നത്.

ഒടുവില്‍, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാന്‍ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അര്‍ഥത്തില്‍ 'LetsBringTheCupHome എന്ന ഹാഷ്ടാഗോടെ പരസ്യം പൂര്‍ണമാകുന്നു. 


 യഥാര്‍ഥ സംഭവത്തിന്റെ വിഡിയോയില്‍ അഭിനന്ദന്‍ നെഞ്ചുറപ്പോടെയാണ് ചോദ്യങ്ങളെ നേരിടുന്നതെങ്കില്‍, പരസ്യത്തില്‍ വിരണ്ടുനില്‍ക്കുന്ന ആളാണ്. അഭിനന്ദന്റെ ഇരുണ്ട നിറത്തെ സൂചിപ്പിക്കാന്‍, പരസ്യത്തിലുള്ള വ്യക്തിയെ കറുത്ത ചായം പൂശിയത് വംശീയ അധിക്ഷേപമാണെന്നും വിലയിരുത്തപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT