കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിനായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നെത്തും. രാവിലെ 10.15ന് മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ 11മണിയോടെ മാരാര്‍ജി ഭവന്‍ ഉദ്ഘാടന വേദിയിലെത്തും. തുടര്‍ന്ന് 12.30യോടെ പിണറായില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രെമിത്തിന്റെ വീടും സന്ദര്‍ശിക്കും. പിന്നീട് 1.50 ഓടെ മട്ടന്നൂരില്‍ എത്തി തിരുവനന്തപുരത്തേക്ക് തിരിക്കും.
അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കണ്ണൂരില്‍ സേന ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പിമാരായ സികെ വിശ്വനാഥന്‍, പിപി സദാനന്ദന്‍, സിഐഎ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദിയായ താളിക്കാവിലെത്തി സുരക്ഷാ വിലയിരുത്തി. സിആര്‍പിഎഫ്, ക്യൂആര്‍ടി തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷയ്ക്കുണ്ട്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ തുടരണമെന്ന് ഇന്നലെ രാത്രി കണ്ണൂരില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച സമീപനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാക്കിയെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാസര്‍ഗോഡ് മുതല്‍ പമ്പ വരെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ രഥയാത്ര സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അമിത് ഷാ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates