Kerala

'ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനം; യൂത്ത് കോണ്‍ഗ്രസുകാരുടെ സമ്മാനത്തില്‍ അഭിമാനം തോന്നുന്നു': രമ്യ ഹരിദാസ്

കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലത്തൂര്‍ എംപി. രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുളള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം വിവാദമായതോടെ പ്രതികരണവുമായി രമ്യ രംഗത്ത്. ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്ന് രമ്യ വ്യക്തമാക്കി.

'യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. രമ്യ ഹരിദാസ് ഒരു സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷ സ്ഥാനാര്‍ഥിയായ വ്യക്തിയാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആലത്തൂര്‍ക്കാര്‍ക്ക് കൂടുതല്‍ സേവനം ലഭിക്കാനായാണ് തങ്ങളുടെ എംപിക്ക് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. അതില്‍ അഭിമാനം തോന്നുന്നുണ്ടെന്നും ഒന്‍പതാം തീയതി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും രമ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കുന്ന വാഹനം താന്‍ വാങ്ങിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

'കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്. സുതാര്യമായ ബാങ്ക് അക്കൗണ്ടില്‍ 60 ലക്ഷത്തിനടുത്തേക്ക് ആളുകള്‍ നല്‍കിയ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും രമ്യ വ്യക്തമാക്കി.

രമ്യയ്ക്കു സഞ്ചരിക്കാന്‍ കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും.

കാറിന് പതിനാലു ലക്ഷം രൂപയാണ് വില. ഇതിനായി കൂപ്പണ്‍ പിരിവിലൂടെ പണം കണ്ടെത്തും. പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു.

എന്നാല്‍ സംഭാവന രസീത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദവും പൊട്ടിപുറപ്പെട്ടു. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ശമ്പളവും മറ്റ് അലവന്‍സും അടക്കം മാസം രണ്ട് ലക്ഷത്തോളം രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT