Kerala

ഇഎഫ്എല്‍:  തോട്ടങ്ങള്‍ ഇപ്പോഴേ ഒഴിവാണ്, അതിനു പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ഇഎഫ്എല്‍:  തോട്ടങ്ങള്‍ ഇപ്പോഴേ ഒഴിവാണ്, അതിനു പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോട്ടങ്ങളെ ഇഎഫ്എല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചു എന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2003-ലെ കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ്) ആക്ടിന്റെ സെക്ഷന്‍ 2 (സി) പ്രകാരം തേയില, കാപ്പി, റബ്ബര്‍, കുരുമുളക്, ഏലം, നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ പ്രധാനമായും കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ എന്ന നിര്‍വ്വചനത്തില്‍ നിന്ന് ഒഴിവാണ്. അതുകൊണ്ട് പുതുതായി നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമില്ല. 

ഈ നിയമവ്യവസ്ഥ നിലനില്‍ക്കെ തന്നെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് തോട്ടങ്ങള്‍ വനം വകുപ്പ് പിടിച്ചെടുക്കുകയോ തോട്ടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയോ ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിരുന്നു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ ഈ പ്രശ്‌നവും പരിശോധിക്കുകയുണ്ടായി. നിയമത്തിന്റെ പൂര്‍ണ്ണ സംരക്ഷണം തോട്ടങ്ങള്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന ശുപാര്‍ശയും കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് കമ്മീഷന്‍ പ്രകടിപ്പിച്ചത്. 

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഇത് സംബന്ധിച്ച പ്രസക്ത ഭാഗം:

'കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ് ഓഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്റ്) ആക്ട് 2003 അനുസരിച്ച് കേരളത്തില്‍ തോട്ടങ്ങള്‍ വനം വകുപ്പ് ഏറ്റെടുക്കുന്നു. പ്ലാന്റേഷന്‍ സ്റ്റഡി കമ്മിറ്റി റിപ്പോര്‍ട്ട് 2009-10 പ്രകാരം ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്റ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതായി കാണിച്ച് അവിടങ്ങളില്‍ ഒരു പ്ലാന്റേഷന്റെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടില്ല.  കേരളത്തില്‍ ഈ നിയമം നടപ്പാക്കുന്നതിനു മുമ്പ് തോട്ടങ്ങള്‍ മൂലം പരിസ്ഥിതിക്ക് ഹാനികരമായി യോതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട്  ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്റ് എന്ന വിഭാഗത്തില്‍പെടുത്തി തോട്ടങ്ങള്‍ പിടിച്ചെടുക്കന്ന വനം വകുപ്പിന്റെ നടപടികള്‍ അവസാനിപ്പിക്കേണ്ടതാണ്'.

കമ്മീഷനെ നിയോഗിച്ചത് 2015 നവംബര്‍ 27-ന് മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2016 ആഗസ്റ്റ് 18-നും. 

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല കമ്മിറ്റി തയ്യാറാക്കിയ ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ജൂണ്‍ 20-ന് ചേര്‍ന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ് ഓഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്ന വസ്തുത തീരുമാനങ്ങളോടൊപ്പം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല. എടുക്കേണ്ട ആവശ്യവുമില്ല. 

അയല്‍ സംസ്ഥാനങ്ങളില്‍ തോട്ടങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യവും ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ഒരിടത്തും നാണ്യവിള കൃഷിചെയ്യുന്ന തോട്ടങ്ങളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കിയിട്ടില്ല. കേരളത്തിലും 2003-ലെ നിയമപ്രകാരം തോട്ടങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാണ്. 

ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിയെടുക്കുകയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന തോട്ടം മേഖല ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഏതാനും തോട്ടങ്ങള്‍ ഇതിനകം പൂട്ടി. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് ഭാഗികമായേ തൊഴില്‍ ലഭിക്കുന്നുളളൂ. ഗുരുതരമായ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് നിരന്തര പരിശ്രമത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ താല്‍പര്യത്തിന് ഗുണകരമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT