തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ സംസ്ഥാനത്തെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. വിദ്യാര്‍ഥികള്‍, ബിസിനസ് ആവശ്യത്തിന് പോയവര്‍, ബന്ധുക്കളെ കാണാന്‍ പോയവര്‍. ഇവരുടെ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവര്‍ പോലുമുണ്ട്. നേരത്തെ താമസിച്ച ഹോസ്റ്റലുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഇറങ്ങേണ്ടി വന്നവരുണ്ട്. താല്ക്കാലിക ട്രെയിനിങ്ങിനും മറ്റും പോയവരാണ് ചിലര്‍, അങ്ങനെയുള്ളവരെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കും. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് നോര്‍ക്ക അറിയിക്കും'- മുഖ്യമന്ത്രി പറഞ്ഞു
'കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവരുണ്ട്. പ്രത്യേകിച്ച് കര്‍ണാടക കുടകില്‍. കുടകില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ മുതലായവ കൃഷി ചെയ്യുന്നവരുണ്ട്. വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് കൃഷിപ്പണിക്ക് പോയി ധാരാളം പേര്‍ കുടകില്‍ കുടങ്ങിപ്പോയിട്ടുണ്ട്. വളരെ പാവപ്പെട്ടവരാണ് ഇങ്ങനെ ജോലിക്ക് പോകുന്നത്. അവരില്‍ ആദിവാസികളുമുണ്ട്. ഭക്ഷണത്തിന് പോലും ഇവര്‍ പ്രയാസം നേരിടുന്നു. കൈയില്‍ ഉള്ളതെല്ലാം തീര്‍ന്നു പണവുമില്ല. ഇങ്ങനെ പ്രയാസം രേിടുന്ന മുഴുവന്‍ പേരെയും ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരും കര്‍ണാടകത്തില്‍ നിന്നു മാത്രമല്ല സമാന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടവരെയും കൊണ്ടുവരും.ഇതിനുളള പദ്ധതി തയ്യാറാക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചു വരേണ്ടവര്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അവരെ തിരികെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ പരിശോധനയടക്കം സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം ഇവരെ പരിശോധിക്കും. ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. പ്രവാസികള്‍ വരുമ്പോള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഇവരുടെ കാര്യത്തിലും ബാധകമായിരിക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ധാരാളം വഴികളുണ്ട് അതുകൊണ്ട് ഏതൊക്കെ വഴികളിലൂടെ ഇവരെ കൊണ്ടുവരണം എന്നതുകസംബന്ധിച്ച് സര്‍ക്കാര്‍ ക്രമീകരണം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിലുണ്ടാക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളില്‍ ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠനം പൂര്‍ത്തീകരിച്ചവര്‍
പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്ക് പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍, ലോക്ക്ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ഥികള്‍
ജോലി നഷ്ടപ്പെട്ടതുകൊണ്ടോ, വിരമിച്ചതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍. എന്നിവരെയാണ് നാട്ടിലെത്തിക്കാനാണ് പരിഗണന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates