കൊച്ചി: നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും വാര്‍ത്തകളിലും വേണമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ചടങ്ങില്‍ പ്രസംഗിച്ച മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് സിനിമാ നടന്‍ ഹരീഷ് പേരടി. ഇതുകൊണ്ടാണ് ഈ മനുഷ്യനോടപ്പം നില്‍ക്കുന്നത്. പറയേണ്ടത് എവിടെയും ആരുടെയും മുഖത്ത് നോക്കി പറയുന്ന നട്ടെല്ല്. ഇത് സിനിമയിലെ നായകന്റെ ഗ്രാഫിക്‌സ് നട്ടെല്ലല്ലാ. അടിയന്തരാവസ്ഥയുടെ പോലീസ് തച്ചുതകര്‍ത്തിട്ടും നിവര്‍ന്ന് നില്‍ക്കുന്ന നട്ടെല്ലെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ത്തകളുടെയും ചര്‍ച്ചകളുടെയും രാഷ്ട്രീയ അപഗ്രഥനങ്ങളുടെയും മേഖലകളില്‍ ഏഷ്യാനെറ്റ് ചെയ്യുന്ന കാര്യങ്ങളോട് വിമര്‍ശനമുള്ള വിഭാഗങ്ങള്‍ പോലും ഏഷ്യാനെറ്റിന്റെ സാമൂഹികരംഗത്തെ പലപ്പോഴായുള്ള ഇടപെടലുകളെ സര്‍വാത്മനാ സ്വാഗതം ചെയ്യും. എന്നാല്‍, സാമൂഹികരംഗത്തെ ഇടപെടലുകളില്‍ കാണുന്ന നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി ഉണ്ടാവണം എന്ന് അവര്‍ ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ലമുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെയും കേരളീയരുടെയും പൊതുവായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളുണ്ടാകുമ്പോള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങളില്‍ നിന്ന് അതിന് എല്ലാ വിധത്തിലുമുള്ള പിന്തുണയുണ്ടാകണമെന്ന് ആഗ്രഹിച്ചുപോകുന്നത് തെറ്റല്ലല്ലോ.
2018ലെ അഭൂതപൂര്‍വമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിനു ലഭിക്കേണ്ടിയിരുന്ന കേന്ദ്രസഹായം, വാഗ്ദാനം ചെയ്യപ്പെട്ട സഹായധനം വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം, വിദേശ മലയാളികളില്‍നിന്ന് ലഭിക്കുമായിരുന്ന പണം കൈപ്പറ്റാന്‍ സംസ്ഥാന മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്നതിനെ വിലക്കിയ നിലപാട്, സാലറി ചലഞ്ച് എന്ന പുതുമയാര്‍ന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ജീവനക്കാരടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കൈക്കൊണ്ട തീരുമാനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിന്റെയും കേരളീയരുടെയും പൊതുവായ താല്‍പര്യത്തിനൊത്താണോ കേരളത്തിലെ പ്രചാരമുള്ള പല മാധ്യമങ്ങളും നിന്നത് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
ഇത് കേവലം എന്റെ വ്യക്തിപരമായ സംശയമല്ല. ദുരിതാശ്വാസ നിധിയിലേക്കും കേരള പുനര്‍നിര്‍മാണ സംവിധാനത്തിലേക്കും ഉദാരമായി സംഭാവന നല്‍കാനെത്തിയ നിരവധി പേര്‍ സംഭാവന നല്‍കുന്ന വേളയില്‍ ഞാനുമായി പങ്കിട്ട ഉല്‍ക്കണ്ഠ കൂടിയാണ് ഇത്. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇങ്ങനെ എന്ന് ചോദിച്ചവര്‍ നിരവധിയാണ്.
ദുരിതാശ്വാസ നിധി ശക്തിപ്പെടേണ്ടതും കേരള പുനര്‍നിര്‍മാണ പ്രക്രിയ ശക്തിപ്പെടേണ്ടതും ഏതെങ്കിലുമൊരു ഗവണ്‍മെന്റിന്റെ മാത്രം ആവശ്യമാണോ? ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാത്രം താല്‍പര്യമാണോ? മന്ത്രിമാര്‍ ചെന്നാല്‍ വിദേശത്തുനിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയും എന്നിരിക്കെ അവരെ ആ ദൗത്യവുമായി അയക്കാന്‍ തീരുമാനിച്ചതിനെ മന്ത്രിമാരുടെ ലോകം ചുറ്റാനുള്ള വ്യഗ്രതയായാണോ അവതരിപ്പിക്കേണ്ടത്? അത്തരമൊരു സന്ദര്‍ഭത്തില്‍ കേരളത്തിന്റെ താല്‍പര്യത്തിനൊത്താണോ അതോ ആ സാധ്യതയെ തന്നെ അടച്ചുകളഞ്ഞ വിലക്കിന്റെ താല്‍പര്യത്തിനൊത്താണോ കേരളത്തിലെ മാധ്യമങ്ങള്‍ നില്‍ക്കേണ്ടത്?
വിദേശ രാജ്യങ്ങളില്‍നിന്ന് പണം ലഭിക്കും എന്നുവന്നു. ആ ഘട്ടത്തില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ ആ പണം ലഭിക്കുന്നതിനനുഗുണമായ നിലപാടാണോ എടുക്കേണ്ടത്; അതോ ആ പണം കൈപ്പറ്റുന്നതിനെ വിലക്കുന്നതിന് അനുഗുണമായ നിലപാടാണോ എടുക്കേണ്ടത്? ഊര്‍ജസ്വലമാംവിധം കേരളത്തിലെമ്പാടും പുനര്‍നിര്‍മാണ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷിച്ച വേഗത്തിലാകാത്ത ഒന്ന് എവിടെനിന്നോ കണ്ടെത്തി അവതരിപ്പിച്ചുകൊണ്ട് പൊതുസ്ഥിതി അതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ക്യാമ്പിയില്‍ നടത്തുന്നത് മാധ്യമ ധര്‍മ്മമാണോ? അങ്ങനെ ചെയ്യുന്നത് പൊതുവിലുള്ള ക്ഷേമ വികസന പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതില്‍നിന്ന് പിന്തിരിയാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന് തുല്യമാവില്ലേ?
ഇങ്ങനെയൊക്കെയുള്ള നിരവധി ചോദ്യങ്ങള്‍ ദുരിതാശ്വാസ തുക ഏറ്റുവാങ്ങുന്ന ഘട്ടങ്ങളില്‍ എനിക്ക് നേരിടേണ്ടിവരികയുണ്ടായി. അതിനുശേഷം ആദ്യമായാണ് ഒരു മാധ്യമസ്ഥാപനത്തിലേക്ക് ഞാന്‍ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ നേരിട്ട ചോദ്യങ്ങള്‍, സംശയങ്ങള്‍ ആ സ്ഥാപനത്തിലുള്ളവരുമായി പങ്കിടുന്നത് ഉചിതമാണ് എന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് ഇത് ഇപ്പോള്‍ ഇവിടെ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരുകാര്യം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക പൂര്‍ണമായും കിട്ടാത്ത നില പല താല്‍പര്യങ്ങള്‍ ചേര്‍ന്ന് ഇവിടെ ഉണ്ടാക്കിയിട്ടും പുതിയ പുതിയ വഴികള്‍ കണ്ടെത്തിക്കൊണ്ട് പ്രതിസന്ധികളെ മറികടന്ന് മുമ്പോട്ടുപോവുകയായിരുന്നു കേരള ഗവണ്‍മെന്റ്. അതിലൊന്നാണ് കുട്ടനാട്ടും സമീപ പ്രദേശങ്ങളിലും പുതിയ നിര്‍മാണരീതികള്‍ അവലംബിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങള്‍. അവ അന്നൊന്നും കാണാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ ഇക്കൊല്ലത്തെ പ്രളയം വന്നപ്പോള്‍ അവയൊന്നും മുങ്ങിയില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു. മുങ്ങാത്ത കെട്ടിടങ്ങള്‍ അവിടെ സ്വയംഭൂവായി ഉയര്‍ന്നുവന്നതല്ല എന്നത് ഓര്‍മിപ്പിക്കട്ടെ.
കേരളത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇവിടുത്തെ രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും ഒരുമിച്ചുനില്‍ക്കുമെങ്കില്‍ നമുക്ക് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. ചില ഘട്ടങ്ങളിലെങ്കിലും ചിലരെങ്കിലും കേരളീയരുടെയും കേരളത്തിന്റെയും പൊതു താല്‍പര്യങ്ങളെ ഹനിക്കുന്നവരുടെ നിലപാടുകളെ പ്രകീര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാവുന്നു. രാഷ്ട്രീയമായ ഏതു വിമര്‍ശനത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. അഭ്യര്‍ത്ഥിക്കുന്നത്, രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ ക്ഷേമ വികസന താല്‍പര്യങ്ങളെ അട്ടിമറിക്കുന്ന വിധത്തിലാവരുത് എന്നതു മാത്രമാണ്മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates