തൃശൂര്‍ : തൃശൂര്‍ പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ ദുരൂഹത വര്‍ധിപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഭര്‍ത്താവും മക്കളും മരിച്ച് 24 മണിക്കൂര്‍ കഴിഞ്ഞശേഷമാണ് ഭാര്യ രമ മരിച്ചതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പൊലീസിനെ വലയ്ക്കുന്നത്.
ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു വിനോദിന്റെ മൃതദേഹം കിടന്നത്. ഭാര്യയും രണ്ടു മക്കളെയും ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്നുപേരെയും കൊന്നശേഷം വിനോദ് ജീവനാടുക്കി എന്നായിരുന്നു പൊലീസ് സംശയിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മരണശേഷം 24 മണിക്കൂര്‍ കഴിഞ്ഞാണ് രമയുടെ മരണം എന്നതാണ് പൊലീസിന്റെ വിലയിരുത്തലിനെ തെറ്റിക്കുന്നത്.
രമയുടെ തലയില്‍ അടിയേറ്റ പാടുണ്ട്. തലയ്ക്കടിയേറ്റതോടെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഈ സമയം മക്കളെ കൊന്ന ശേഷം വിനോദ് തൂങ്ങി മരിച്ചിരിക്കാം. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ഭര്‍ത്താവും മക്കളും ജീവനൊടുക്കിയതുകണ്ട രമയും ആത്മഹത്യ ചെയ്തതാകാം എന്ന സാധ്യതയാണ് ഇപ്പോള്‍ പൊലീസ് സംശയിക്കുന്നത്. വീടിന്റെ വാതിലുകളെല്ലാം അകത്തു നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്. അതുകൊണ്ട് തന്നെ മരണത്തില്‍ മറ്റാരുടെയെങ്കിലും പങ്ക് ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം പടര്‍ന്നപ്പോഴാണ് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ചാണ് വീടിന് അകത്തുകടന്നത്. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീര്‍ണിച്ചിരുന്നുമില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവരെ കുറിച്ച് വിവരം ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു നാലു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവരുടെ വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മകന്‍ നീരജിന്റെ നോട്ട് പുസ്തകത്തില്‍ നിന്നു കീറിയെടുത്ത പേജില്‍ 'എല്ലാവര്‍ക്കും മാപ്പ്.......തെറ്റു ചെയ്തവര്‍ക്കു മാപ്പില്ല'... .. എന്ന് കുറിച്ചിരുന്നു. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാര്‍ കാണുന്നത്. ഇന്നു ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്; നേരത്തെ പോകുകയാണ് എന്നായിരുന്നു രമ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയിലെ സുഹൃത്തുക്കളോടു വ്യാഴാഴ്ച രമ പറഞ്ഞിരുന്നത്.
ആത്മഹത്യാക്കുറിപ്പ് വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്നു പൊലീസ് അറിയിച്ചു. വിനോദിന്റെയും രമയുടെയും കയ്യെഴുത്ത് ശേഖരിച്ചു വിദഗ്ധരെകൊണ്ടു താരതമ്യം ചെയ്യും. വിനോദും രമയും ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലില്‍ വിശദ പരിശോധന നടത്തും. മരിക്കുന്നതിനു 2 ദിവസം മുന്‍പ് ഇവരുടെ ഫോണിലേക്കു വിളിച്ചവരുടെ വിവരങ്ങള്‍ തേടുമെന്നും പൊലീസ് അറിയിച്ചു.
സാമ്പത്തിക ബാധ്യത മൂലമാകാം ഇവര്‍ ആത്മഹത്യ ചെയ്തതെന്ന വാദം ബന്ധുക്കള്‍ തള്ളിയിട്ടുണ്ട്. ഈയിടെ സ്വര്‍ണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍ നിന്നു ലഭിച്ച രമയുടെ പഴ്‌സില്‍ അത്യാവശ്യം പണം ഉണ്ടായിരുന്നു. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഇതോടെ ഈ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണസംഘം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates