Kerala

ഏകീകൃത സിവില്‍കോഡ് അത്ര മോശം ആശയമല്ല ; അയോധ്യയില്‍ രാമക്ഷേത്രമാകാം ; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍

ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്നും ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി മുന്നോട്ടുവെക്കുന്ന ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

ഏകീകൃത സിവില്‍ കോഡ് മോശം ആശയമാണെന്ന് ആരു പറയില്ല. എന്നാല്‍ സമുദായങ്ങള്‍ക്കിടയില്‍ നിഷേധിക്കാനാകാത്ത താല്‍പ്പര്യങ്ങളും, സാമൂഹ്യവും മതപരവുമായ ചടങ്ങുകളും ആചാരങ്ങളുമുണ്ട്. ഇത് സംരക്ഷിക്കുന്നതിനായി ഇവര്‍ പ്രതിരോധം ഉയര്‍ത്തും. എന്നാല്‍ വിശാലമായ സമൂഹത്തിന്റെ സമന്വയത്തിനായി ഏകീകൃത സിവില്‍കോഡിന്റെ പ്രധാന്യം മതവിഭാഗങ്ങളെ മനസ്സിലാക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ശശി തരൂര്‍ നിര്‍ദേശിച്ചു. 

ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം വിശദമായി പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. 370-ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന. പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്ഥാന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേ തരത്തിലുള്ള കാര്യങ്ങള്‍ത്തന്നെയാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT