മേശ നിറഞ്ഞു കവിഞ്ഞ ഫയലുകള്‍ക്കിടയില്‍ എവിടെയോ ഇരുന്ന ഗ്ലാസില്‍ ഉണ്ടായിരുന്ന വെള്ളത്തില്‍ വിരലുകള്‍ നനച്ച് അത് കണ്ണില്‍ ഒഴിച്ച് അവസാനക്കാരനായ എന്നെ കാണുമ്പോള്‍ എങ്ങനെ വന്നു ഓട്ടോ മുരുകാ എന്ന് ചോദിച്ചു... ഉമ്മന്‍ ചാണ്ടിയെ കുറിച്ച് തെരുവോരം മുരുകന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ഉമ്മന്‍ചാണ്ടിയെക്കുറിച്ച് മുരുകനെപ്പോലൊരാള്‍ എഴുതുമ്പോള്‍ അത് ചര്‍ച്ച ചെയ്യപ്പെടുകതന്നെ ചെയ്യും. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് മുരുകന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.
കുപ്പയിലെ മാണിക്യമായിരുന്ന എന്നെ ഇന്ന് നല്ലൊരു കടുംബ ജീവിതവും സാമൂഹിക പശ്ചാത്തലവും വരെ എത്തിച്ചത് സാക്ഷാല്‍ ശ്രീ ഉമ്മന്‍ ചാണ്ടി സാറാണ്. രാഷ്ട്രീയത്തിന് അതീതമായി പല നേതാക്കളുമായി വ്യക്തി ബന്ധങ്ങളുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ പുറമ്പോക്കില്‍ ഞാനും എന്റെ കുടുംബവും ഗാന്ധിനഗര്‍ ഉദയ കോളനിയില്‍ 25 വര്‍ഷമായി ഞങ്ങള്‍ 24 വീട്ടുകാര്‍ താമസിക്കുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആധാരം നല്‍കി'- മുരുകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
50 വര്‍ഷം ജനങ്ങള്‍ക്കൊപ്പം ജീവിച്ച ശ്രീ ഉമ്മന്‍ ചാണ്ടി സാറിനെപ്പോലുള്ള വ്യക്തിത്വം ഒറ്റപ്പെട്ടു പോകുന്നവരുടേയും വേദനിക്കുന്നവരുടേയും ദൈവത്തിന്റെ കണ്ണായോ കയ്യായോ മാറുമ്പോള്‍ ആ കൈ കൊണ്ട് അനേകം ആയിരം അഗതികള്‍ക്ക് ആശ്രയമാകാന്‍ അവസരം തന്ന അങ്ങയെ ഞങ്ങള്‍ എന്നും എന്നും സ്നേഹിക്കുന്നു. ഈ പോസ്റ്റിനെ രാഷ്ട്രീയമായി കാണരുത്. എന്റെ ജീവിതത്തല്‍ എനിക്ക് നേരിട്ടുണ്ടായ അനുഭവമാണ് പങ്കുവെച്ചതെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി ആസ്ഥാനമാക്കി വരുന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് തെരുവോരം മുരുകന്‍ എന്നറിയപ്പെടുന്ന എസ് മുരുകന്‍. അഗതികളായി തെരുവില്‍ കഴിയേണ്ടി വന്നവരെ അധിവസിപ്പിക്കുകയാണ് തെരുവോരത്തിന്റെ ദൗത്യം. 'തെരുവില്‍ നിന്നും തണലിലേക്ക്' എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. കുട്ടികളും വൃദ്ധരും മനോരോഗികളും തെരുവോരത്തിന്റെ ഗുണഭോക്താക്കളില്‍ പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നും എസ്‌റ്റേറ്റ് തൊഴിലാളികളായി ഇടുക്കിയിലെത്തിയവരാണ് മുരുകന്റെ മാതാപിതാക്കള്‍. തന്റെ കുട്ടിക്കാലം തെരുവില്‍ കഴിച്ചുകൂട്ടിയ മുരുകന്‍ പിന്നീട് ഓട്ടോ ഡ്രൈവറാവുകയും തെരുവില്‍ അലയുന്നവര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണവും മരുന്നും കണ്ടെത്തുകയുമായിരുന്നു.
മുരുകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കുപ്പയിലെ മാണിക്യമായിരുന്ന എന്നെ ഇന്ന് നല്ലൊരു കടുംബ ജീവിതവും സാമൂഹിക പശ്ചാത്തലവും വരെ എത്തിച്ചത് സാക്ഷാൽ ശ്രീ ഉമ്മൻ ചാണ്ടി സാറാണ്. രാഷ്ട്രീയത്തിന് അതീതമായി പല നേതാക്കളുമായി വ്യക്തി ബന്ധങ്ങളുണ്ടെങ്കിലും എന്റെ ജീവിതത്തിൽ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ പുറമ്പോക്കിൽ ഞാനും എന്റെ കുടുംബവും ഗാന്ധിനഗർ ഉദയ കോളനിയിൽ 25 വർഷമായി ഞങ്ങൾ 24 വീട്ടുകാർ താമസിക്കുമ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആധാരം നൽകി. രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചപ്പോൾ മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടറിയേറ്റിൽ ചെന്ന എന്നെ തല മുണ്ഡനം ചെയ്തതിനാൽ സുരക്ഷ ജീവനക്കാർ തടഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ രാത്രിയും കഴിഞ്ഞ് വെളുപ്പിന് 2 മണി വരെ കാത്തിരുന്നു. മേശ നിറഞ്ഞു കവിഞ്ഞ ഫയലുകൾക്കിടയിൽ എവിടെയോ ഇരുന്ന ഗ്ലാസിൽ ഉണ്ടായിരുന്ന വെള്ളത്തിൽ വിരലുകൾ നനച്ച് അത് കണ്ണിൽ ഒഴിച്ച് അവസാനക്കാരനായ എന്നെ കാണുമ്പോൾ എങ്ങനെ വന്നു ഓട്ടോ മുരുകാ എന്ന് ചോദിച്ചു ''''''
50 വർഷം ജനങ്ങൾക്കൊപ്പം ജീവിച്ച ശ്രീ ഉമ്മൻ ചാണ്ടി സാറിനെപ്പോലുള്ള വ്യക്തിത്വം ഒറ്റപ്പെട്ടു പോകുന്നവരുടേയും വേദനിക്കുന്നവരുടേയും ദൈവത്തിന്റെ കണ്ണായോ കയ്യായോ മാറുമ്പോൾ ആ കൈ കൊണ്ട് അനേകം ആയിരം അഗതികൾക്ക് ആശ്രയമാകാൻ അവസരം തന്ന അങ്ങയെ ഞങ്ങൾ എന്നും എന്നും സ്നേഹിക്കുന്നു.
ഈ പോസ്റ്റിനെ രാഷ്ട്രീയമായി കാണരുത്. എന്റെ ജീവിതത്തൽ എനിക്ക് നേരിട്ടുണ്ടായ അനുഭവമാണ് പങ്കുവെച്ചത്.
രാഷ്ട്രീയത്തിന് അതീതമായി പല രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി സൗഹൃദം ഉണ്ട്.
എന്ന്
മുരുകൻ എസ് തെരുവോരം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates