Kerala

കാഴ്ച പരിമിതിയുള്ളവർക്ക് കൈപിടിച്ച് നടക്കാൻ ഒരു ചങ്ങാതിയാകും സ്മാർട്ട് ഫോണെന്ന് കെകെ ശൈലജ

പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. കാഴ്ച പരിമിതര്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരല്ല, ജീവിതത്തില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുള്ളവരാണ്. ബാങ്കിടപാടുകള്‍ പോലും പരിശീലനം സിദ്ധിച്ചാല്‍ സ്മാര്‍ട്ട് ഫോണിലൂടെ സാധിക്കും. ഇത് പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത് വച്ചാല്‍ നടന്നു പോകുമ്പോള്‍ തടസങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാനും സാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നല്‍കുന്നതാണ്. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്. കാഴ്ച പരിമിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഈ സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ സഹായകമാകട്ടേയെന്നും മന്ത്രി ആശംസിച്ചു.

ഭിന്നശേഷി മേഖലയില്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന് ലഭിച്ചത്. 21 ലേറെ ഭിന്നശേഷിയുണ്ട്. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോതരത്തിലുള്ള പരിചരണം ആവശ്യമാണ്. ഇത് മനസിലാക്കി അനുയാത്ര പദ്ധതിയുടെ ഭാഗമായി നിരവധി ഉപപദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിനാണ് ദേശീയ അംഗീകാരം ലഭിച്ചത്. സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ വിവിധ സഹായമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് വരുന്നത്. ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് മുച്ചക്രവാഹനങ്ങളാണ് വാങ്ങി നല്‍കിയത്. കോര്‍പറേഷനില്‍ വര്‍ഷങ്ങളായി താല്കാലികമായി ജോലി ചെയ്തു വന്ന 13 പേരെ സ്ഥിരപ്പെടുത്താനായി. ഏതെല്ലാം മാര്‍ഗത്തിലൂടെ സഹായിക്കാന്‍ കഴിയും ആ രീതിയിലൊക്കെ സഹായിക്കുന്നതാണ്. 3 കോടി ചെലവഴിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണ ഷോറൂം തുറക്കും. പാവപ്പെട്ടവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

SCROLL FOR NEXT