Kerala

കെ വി തോമസും സുധീരനും തുണച്ചു ; സൗമിനി മേയര്‍ സ്ഥാനത്ത് തുടരും

മേയര്‍ സൗമിനിയെ മാറ്റുന്നതിനെ എതിര്‍ത്ത് 10 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കെപിസിസിയെ സമീപിച്ചിട്ടുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് എറണാകുളം ജില്ലയിലെ എ,ഐ ഗ്രൂപ്പുകളിലെ ഒരുപറ്റം നേതാക്കള്‍. രണ്ടുദിവസം മുമ്പ് കൊച്ചിയില്‍ യോഗം ചേര്‍ന്ന ജില്ലയിലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ സൗമിനിയെ മാറ്റണമെന്ന തീരുമാനത്തിലെത്തുകയും, ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടെ മേയര്‍ സ്ഥാനത്തു നിന്നും സൗമിനി തെറിക്കുമെന്ന അഭ്യൂഹവും ശക്തമായി.

ഇതിനിടെ ഇന്നലെ സൗമിനി ജെയിനെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. മേയര്‍മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. തുടര്‍ന്ന് നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലും മേയര്‍ മാറ്റം ചര്‍ച്ചാ വിഷയമായി. എറണാകുളത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, കെ ബാബു, ഹൈബി ഈഡന്‍ തുടങ്ങിയവരെല്ലാം മേയര്‍ മാറണമെന്ന നിലപാടിലാണ്. ഇക്കാര്യം ഇവര്‍ കെപിസിസി അധ്യക്ഷനെ അറിയിക്കുകയും ചെയ്തു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ബെന്നി ബഹനാന്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവര്‍ സൗമിനിയെ മാറ്റണമെന്ന നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്‍, പ്രൊഫ. കെ വി തോമസ്, പി ജെ കുര്യന്‍, എം എം ഹസ്സന്‍ എന്നിവര്‍ മേയര്‍ മാറ്റത്തെ എതിര്‍ത്ത് രംഗത്തു വന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്ന മുതിര്‍ന്ന നേതാക്കളായ പിസി ചാക്കോയും കെ സി വേണുഗോപാലും മേയര്‍ സൗമിനിയെ  മാറ്റുന്നതിലുള്ള എതിര്‍പ്പ് നേരത്തെ തന്നെ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു.

കെപിസിസി നേതൃത്വം വിഷയത്തില്‍ രണ്ടുതട്ടിലായതോടെ മേയര്‍മാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തുകയായിരുന്നു. തിരക്കിട്ട് മേയറെ മാറ്റുന്നതിനോട് വ്യക്തിപരമായി മുല്ലപ്പള്ളിയും അനുകൂലിക്കുന്നില്ല. ഇതോടെ മേയര്‍മാറ്റത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. മാത്രമല്ല വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളില്‍ മേയര്‍ മാത്രമാണ് ഉത്തരവാദിയെന്ന് മുദ്രകുത്തി, സൗമിനിയെ അപമാനിച്ച് പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.

ഈ വാദത്തിന് മറുപടിയായി മേയര്‍മാറ്റം വേണമെന്ന നിലപാടുകാര്‍ വ്യക്തമാക്കുന്നത് മേയര്‍ അടക്കം എല്ലാരംഗത്തും അഴിച്ചുപണി നടത്തണമെന്നാണ്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നീ പദവികളിലെല്ലാം പുതിയവരെ തെരഞ്ഞെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോര്‍പ്പറേഷനില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. മേയര്‍ സൗമിനിയെ മാറ്റുന്നതിനെ എതിര്‍ത്ത് 10 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കെപിസിസിയെ സമീപിച്ചിട്ടുമുണ്ട്. മുസ്ലിം ലീഗ് അംഗം ഹാരിസും, രണ്ട് വനിതാ കൗണ്‍സിലര്‍മാരും സൗമിനിയെ മാറ്റുന്നതിനോട് വിയോജിച്ചിട്ടുണ്ട്.  സൗമിനിയെ മാറ്റിയാല്‍ രാജിവെക്കുമെന്നാണ് വനിതാ കൗണ്‍സിലര്‍മാര്‍ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളത്. ഇതും തിരക്കിട്ടുള്ള നീക്കത്തില്‍ നിന്നും കെപിസിസിയെ പിന്തിരിപ്പിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം