നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിതയ്‌ക്കെതിരെ എഴുത്തുകാരി ദീപാ നിശാന്ത്.
മുന്‍പ് തന്നോട് അപമര്യാദയായി പെരുമാറിയ നടന്‍ അടൂര്‍ ഭാസിക്കെതിരെ കെപിഎസി ലളിത തന്റെ ആത്മകഥയില്‍ എഴുതിയ വാക്കുകള്‍ എടുത്തുകാട്ടിയാണ് ദീപ കെപിഎസി ലളിതയെ വിമര്‍ശിച്ചിരിക്കുന്നത്. കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദര്‍ശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ.സി.ലളിത സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ്. അത്തരമൊരു പ്രതിയെ സന്ദര്‍ശിച്ചും അല്ലാതെയും അയാള്‍ക്ക് പരസ്യമായി ക്ലീന്‍ചിറ്റ് നല്‍കുന്ന എം.എല്‍.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്... അതാണ് ചോദ്യം ചെയ്യപ്പെടുന്നതും,ദീപ പറയുന്നു.
ദീപാ നിശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കെ.പി.എ.സി.ലളിതയുടെ ആത്മകഥയുടെ പേര് 'കഥ തുടരും' എന്നാണ്. അതിലൊരു അദ്ധ്യായമുണ്ട്.' അറിയപ്പെടാത്ത അടൂർഭാസി' എന്ന പേരിൽ. അടൂർഭാസി എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൻ്റെ അങ്ങേത്തലയാണ് ആ അദ്ധ്യായം.ഏതാനും ഭാഗങ്ങൾ ഇങ്ങനെയാണ്:
"അടൂർഭാസിയോടൊത്ത് ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തിൽ നിന്നും അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്....
ഒരു ദിവസം രാത്രി അടൂർഭാസി വീട്ടിൽ വന്നു.രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് പറയുകയാണ്:
" ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എൻ്റെ കാറ് ലളിതാമ്മയ്ക്ക് തരാം.. "
എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാൻ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം.. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം...
അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം!....
വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ല....
എന്നെ ഏതെല്ലാം തരത്തിൽ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു.എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിർമ്മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. പറ്റിയില്ലെങ്കിൽ സീനിലിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കും. എന്നെ അവഹേളിക്കാനും എൻ്റെ മനഃസാന്നിധ്യം നഷ്ടപ്പെടുത്താനും എന്തു വേണമെങ്കിലും ചെയ്യും.അക്കാലങ്ങളിൽ ഓരോ ലൊക്കേഷനിലും ഞാനെന്തുമാത്രം കരഞ്ഞിട്ടുണ്ടെന്നോ ..
ഓരോ ഷോട്ടിലും അതിൽ വേണ്ടാത്തതൊക്കെ അയാൾ കാണിക്കും. എല്ലാം എന്നെ ദ്രോഹിക്കാൻ.. ഡയറക്ടർ എന്തു പറയാനാണ്.. അയാൾ വാഴുന്ന കാലമല്ലേ? ഇപ്പോഴും ചില സൂപ്പർ താരങ്ങളെയൊക്കെ നിലയ്ക്ക് നിർത്താൻ സംവിധായകർക്ക് കഴിയില്ല."
[കഥ തുടരും..]
സിനിമയിൽ എല്ലാ കാലത്തും സ്ത്രീകൾ അനുഭവിച്ചിരുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് സ്വന്തം അനുഭവത്തിലൂടെ കെ.പി.എ.സി.ലളിത വിരൽ ചൂണ്ടുന്നത്. സിനിമ എപ്പോഴും പുരുഷൻ്റെ കൈയിലായിരുന്നു. ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്തും വിധമായിരുന്നു അതിൻ്റെ രൂപകൽപ്പന. കെ.പി.എ.സി.ലളിതയേയും ഉർവശിയേയും മഞ്ജുവാര്യരേയും പോലുള്ള അപാര അഭിനയശേഷിയുള്ള നടികൾക്കു മാത്രമേ അപൂർവ്വമായെങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്ന് തങ്ങളൊരു കാഴ്ചവസ്തു മാത്രമല്ലെന്ന് തെളിയിച്ച് തെളിയിച്ച് സിനിമയിൽ പകരം വെക്കാനില്ലാത്ത സ്വന്തം ഇടമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ. വിവാഹമോചനം നേടി തിരികെ സ്വന്തം തൊഴിലിടത്തിലേക്കു വന്ന മഞ്ജുവാര്യർ മലയാളികൾക്കത്ഭുതമാകുന്നതും അവരെ അമിതമായി ആഘോഷിക്കുന്നതും നിന്ദിക്കുന്നതുമെല്ലാം സിനിമയിലും ജീവിതത്തിലും സ്ത്രീകൾക്കു നേരെയുള്ള ചില പൊതുബോധങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്..
ഉടുതുണിയില്ലാതെ ലളിതയുടെ വീട്ടിൽ കുടിച്ചു ബഹളമുണ്ടാക്കിയ അടൂർഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. അയാൾ നമ്മെ ചിരിപ്പിച്ചിരുന്നു... ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ അയാൾക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ എന്നമ്പരന്നു... വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂർഭാസി ജീവിച്ചിരിപ്പില്ല. അയാൾ വിവാഹിതനല്ല.. ഇത് വായിച്ച് അഭിമാനം നഷ്ടപ്പെടാൻ അയാൾക്ക് ഭാര്യയില്ല.. മക്കളില്ല.. മാതാപിതാക്കളും ജീവിച്ചിരിപ്പില്ല..
ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ അവർ ഇത്തരമൊരു കള്ളം പറയില്ലെന്നു തന്നെ ഉറച്ചു വിശ്വസിച്ചു.. (ഇപ്പോഴും വിശ്വസിക്കുന്നു.)അടൂർ ഭാസിക്കെതിരെ ചലച്ചിത്ര പരിഷത്തെന്ന സംഘടനയിൽ പരാതി കൊടുത്തതിനെപ്പറ്റിയും അതിനെ ചോദ്യം ചെയ്ത ഉമ്മറടക്കമുള്ളവരോട് കയർത്തതിനെപ്പറ്റിയും അഭിമാനപൂർവ്വം അവരെഴുതിയിട്ടുണ്ട്. "ഉമ്മുക്ക ചലച്ചിത്രപരിഷത്തിൻ്റെ പ്രസിഡണ്ടാണെന്ന് ഓർക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.അങ്ങേരുടെ ആളായി സംസാരിക്കരുത് " എന്ന് ഉമ്മറിൻ്റെ മുഖത്തു നോക്കി പറഞ്ഞ ആത്മാഭിമാനമുള്ള സ്ത്രീയായിട്ടാണ് ആത്മകഥയിൽ കെ.പി.എ.സി.ലളിതയെ വായിച്ചത്. "സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേർക്ക് ഒരു ചൂഷണോമില്യാ " എന്ന വള്ളുവനാടൻമൊഴി അവര് പറയുമ്പോൾ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ്..
കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദർശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സർക്കാർ സംവിധാനത്തിൻ്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. അയാൾക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന എം.എൽ.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്... അതാണ് ചോദ്യം ചെയ്യപ്പെടുന്നതും..
കഥ തുടരട്ടെ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates