കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ തന്നെയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള റിസള്‍ട്ട് പോസിറ്റീവാണെന്നും മന്ത്രി അറിയിച്ചു. യുവാവിന് നിപ ആണെന്ന ധാരണപ്രകാരം അതിനുള്ള ചികില്‍സ ആരംഭിച്ചിരുന്നു. എങ്കിലും നിപ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള റിസള്‍ട്ടിന് വേണ്ടി കാക്കുകയായിരുന്നു. ആരും ഭയക്കേണ്ടതില്ലെന്നും, രോഗം ചെറുക്കാന്‍ വേണ്ട എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
യുവാവുമായി അടുത്തിടപഴകിയിരുന്ന രണ്ട് പേര്‍ക്ക് നേരിയ പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റേയാളെ ഉടന്‍ തന്നെ മാറ്റും. എന്നാല്‍ അവര്‍ക്ക് പേടിക്കേണ്ട തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ല. കൂടാതെ, രോഗബാധിതനായ വിദ്യാര്‍ത്ഥിയെ ആദ്യഘട്ടത്തില്‍ ചികില്‍സിച്ച, ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് പനി, തൊണ്ടവേദന അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരെയും വിദഗ്ധ പരിശോധനയ്ക്കായി മാറ്റുമെന്ന് മന്ത്രി അറിയിച്ചു.
രോഗിയായ യുവാവിന്റെ സുഹൃത്തിനെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുള്ളത്. യുവാവിന്റെ വീട്ടുകാര്‍ക്ക് ആര്‍ക്കും ഇപ്പോള്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയിച്ചിട്ടില്ല. എങ്കിലും ഇവരും നിരീക്ഷണത്തിലാണ്. രോഗിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഇപ്പോള്‍ സ്‌റ്റേബിളാണ്. ആവശ്യത്തിന് റിബാവൈറിന്‍ മരുന്ന് സ്‌റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു. എയിംസിലെ ആറംഗ ഡോക്ടര്‍മാരുടെ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്.
കൊച്ചി മെഡിക്കല്‍ കോളേജില്‍ അടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കം ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. രോഗിയുടെ സ്രവങ്ങള്‍ നേരിട്ട് ശരീരത്തില്‍ പതിച്ചാല്‍ മാത്രമേ രോഗം പടരുകയുള്ളൂ. ആളുകള്‍ ഭയക്കേണ്ടതില്ല. പനിയോ എന്തെങ്കിലും ശാരീരിക അസ്വസ്ഥതയോ തോന്നുന്നവര്‍ ഉടന്‍ വിദഗ്ധ ഡോക്ടര്‍മാരെ സമീപിക്കേണ്ടതാണ്. വവാല്‍ ഭക്ഷിച്ചതോ മറ്റുമുള്ള ഫലങ്ങള്‍ ആളുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗം സംബന്ധിച്ച് ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates