കോഴിക്കോട് : ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത തുടരുകയാണ്. ചൈനയില്‍ നിന്നെത്തിയ പേരാവൂര്‍ സ്വദേശികളായ അഞ്ചുപേർ നിരീക്ഷണത്തിലാണ്. ഇവർക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നൽകി. 28 ദിവസത്തേക്ക് പൊതുപരിപാടികളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.
ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം ഉയരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രത സംസ്ഥാനത്തും കർശനമാക്കിയത്. പേരാവൂര്‍ പഞ്ചായത്ത് പരിധിയിൽപ്പെട്ട കുടുംബം കഴിഞ്ഞദിവസമാണ് ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ എന്ന് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ അധികൃതര്‍ പേരാവൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാല്‍ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവൽക്കരിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന.
ഈ കുടുംബത്തെ കൂടാതെ പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുന്‍പ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. കൊറോണ വൈറസ് ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍, അവിടെ നിന്നെത്തിയവര്‍ പേരാവൂരിലെ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ചൈനയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് മൂലമുള്ള മരണം 80 ആയി ഉയർന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ചൈനയിൽ 2800 കടന്നു. ഇന്ത്യ അടക്കം മിക്ക രാജ്യങ്ങളിലും രോഗസാധ്യത സംശയിച്ച് നിരവധി പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates