കോഴിക്കോട്: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഒളിക്യാമറ വിവാദത്തിലെ ആരോപണങ്ങള്‍ തന്നെയോ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെയോ ബാധിച്ചില്ലെന്ന് തെളിയിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവൻ. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കോഴിക്കോട് പോളിങ് 81.38 ശതമാനത്തിലേക്ക് ഉയര്‍ന്നപ്പോള്‍ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാൽ യാഥാര്‍ഥ്യം രാധവനൊപ്പം നിന്നു.
പതിമൂന്ന് വര്‍ഷമായി തുടർച്ചയായി കോഴിക്കോടിന്റെ എംഎല്‍എ ആയിരിക്കുന്ന പ്രദീപ് കുമാറിനെ ഗോഥയിലിറക്കി മണ്ഡലം തിരിച്ച് പിടിക്കാൻ ലക്ഷ്യമിട്ടെങ്കിലും എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ കോഴിക്കോടും ഫലം കണ്ടില്ല.
പ്രചാരണച്ചൂടിനിടെ സ്ഥാനാർത്ഥി ജയിലിലായെങ്കിലും ഈ കുറവ് കാണിക്കാതെയായിരുന്നു എൻഡിഎയുടെ പ്രചാരണം. പക്ഷെ വോട്ടിംഗ് മെഷീന്‍ തുറന്നപ്പോൾ പ്രകാശ് ബാബു ഒരു എതിരാളിയായില്ല. എന്‍ഡിഎയ്ക്ക് വലിയ വോട്ടുള്ള മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തിയിട്ടും അതൊന്നും ഫലത്തിൽ നിഴലിച്ചുകണ്ടില്ല. രാഘവന്റെ ജനപ്രീതിയില്‍ വിശ്വാസമര്‍പ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് ഒപ്പം നിന്നു കോഴിക്കോട്ടുകാർ.
4,93,444 വോട്ടുകള്‍ നേടി 85,225 വോട്ടുകളുടെ ലീഡോടെയാണ് എം കെ രാഘവന്റെ ജയം. സിപിഐ(എം) സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന് 4,08,219 വോട്ടുകളാണ് നേടാനായത്. 1,61,216 വോട്ടുകളാണ് ബിജെപിയുടെ പ്രകാശ് ബാബു നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates