തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കോവിഡ് 19 രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്. മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. എത്രയും വേഗം രോഗ ബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്‌ലൈൻ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈൻ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. എല്ലാ ദിവസവും യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തി നടപടികൾ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളിൽ വിവിധ മാർഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ രോഗ വ്യാപനം കൂടുതലാണ്. കന്യാകുമാരി ജില്ലയിൽ നിന്നുൾപ്പെടെ നിരവധിപേർ പല ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി കേരളത്തിൽ പതിവായെത്താറുണ്ട്. രോഗവ്യാപന സ്ഥലങ്ങളിൽ നിന്നും ആൾക്കാർ എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. അതിർത്തിക്കപ്പുറത്ത് നിന്നും വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒ.പി. തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്യും.
രോഗം വന്നാൽ പെട്ടെന്ന് ഗുരുതരമാകുമെന്നതിനാൽ വയോജനങ്ങൾ, മറ്റ് ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താൻ ഓരോ കുടുംബവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവരെല്ലാവരും റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കേണ്ടതാണ്. ഒരു കാരണവശാലും ഇവർ വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. ലോക്ഡൗൺ മാറിയതോടെയാണ് സമ്പർക്ക രോഗികളുടെ എണ്ണം കൂടിയത്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. വിട്ടുവീഴ്ചയുണ്ടായാൽ അതിഗുരുതരമായ അവസ്ഥയുണ്ടാകും. ഇനിയും കൈവിട്ട് പോകാതിരിക്കാൻ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates