കൊച്ചി: ക്യാംപസുകളില്‍ പ്രതിഷേധങ്ങള്‍ നിരോധിക്കാനാകില്ലെന്ന് സംംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോളജ് ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികളോ അധ്യാപകരോ ജീവനക്കാരോ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ നിരോധിക്കാനാകില്ലെന്ന് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമസമാധാന പാലനത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
ജനാധിപത്യപരമായി നടക്കുന്ന സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയില്ല. ക്രമസമാധാനപാലനത്തിന് ആവശ്യമെങ്കില്‍ സ്ഥാപന മേധാവികള്‍ക്ക് പൊലീസ് സഹായം തേടാം. ക്യാംപസ് അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പ്രത്യേക നയമുണ്ടാക്കുമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
നയരൂപീകരണത്തെക്കുറിച്ച ചര്‍ച്ച ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,അധ്യാപകര്‍,മാനേജ്‌മെന്റ് പ്രതിനിധികള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ യോഗം എത്രയുംവേഗം വിളിച്ചു ചേര്‍ക്കും.
സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ കാരണം ക്ലാസുകള്‍ മുടങ്ങുന്നുവെന്നും അക്രമങ്ങള്‍ നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഒരുകൂട്ടം സ്‌കൂള്‍,കോളജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates