തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഇന്നലെ നടത്തിയ മിന്നല്‍ പണിമുടക്കും, സമരത്തില്‍ ഒരാള്‍ മരിച്ചതുമായ സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവസ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചികില്‍സ കിട്ടാതെ യാത്രക്കാരനായ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ മരിച്ച സംഭവം ഗൗരവമേറിയതാണെന്നും നോട്ടീസ് നല്‍കിയ കോണ്‍ഗ്രസിലെ എം വിന്‍സെന്റ് ആരോപിച്ചു.
അഞ്ചര മണിക്കൂര്‍ സമരം നടത്തിയിട്ടും ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെന്നും വിന്‍സെന്റ് പറഞ്ഞു. ഇത്രയും ഗൗരവമേറിയ വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും സഭയില്‍ ഇല്ലാത്തതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. യാത്രക്കാരന്റെ മരണത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗൗരവമായ സംഭവത്തെ മുഖ്യമന്ത്രി ലാഘവത്തോടെയാണ് കാണുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരും പൊലീസും ചേര്‍ന്ന് ജനങ്ങളെ ബന്ദിയാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സമരം നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രകാരം കേസെടുത്തുവെന്ന്, മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്വകാര്യബസ് ജീവനക്കാരെ കയ്യേറ്റം ചെയ്യല്‍, ഓട്ടോഡ്രൈവറെ തടഞ്ഞ് പരിക്കേല്‍പ്പിക്കല്‍, ബസ് ഉപയോഗിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ സംഭവങ്ങളിലാണ് കേസെടുത്തത്. അഞ്ചുജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ബസ് തലങ്ങും വിലങ്ങുമിട്ട ഡ്രൈവര്‍ക്കെതിരെയും കേസെടുക്കും. സമരം ചെയ്യുന്നത് ജീവനക്കാരുടെ അവകാശമാണ്. എന്നാല്‍ മിന്നല്‍ പണിമുടക്കിനെ അനുകൂലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വിഷയം ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണവും മന്ത്രി തള്ളി. ഗൗരവമായ വിഷയമെങ്കില്‍ പ്രതിപക്ഷം എന്തിനാണ് പിന്‍നിരക്കാരനെക്കൊണ്ട് അവതരിപ്പിച്ചതെന്ന് കടകംപള്ളി ചോദിച്ചു. കൂടുതല്‍ വിവരമുള്ള മുന്‍നിരക്കാര്‍ വിഷയം അവതരിപ്പിക്കമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. ഇതോടെ മന്ത്രി എം വിന്‍സെന്റിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭയില്‍ ജൂനിയര്‍ എംഎല്‍എ, സീനിയര്‍ എംഎല്‍എ എന്ന പരിഗണനയില്ലെന്നും എല്ലാവര്‍ക്കും ഒരേ പരിഗണനയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എംഎല്‍എയെ അവഹേളിച്ച മന്ത്രി കടകംപള്ളി മാപ്പുപറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ എംഎല്‍എയെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates